ഇന്ത ആട്ടം പോതുമാ……… പേട്ട അവസാനിക്കുമ്പോള്‍ സുപ്പര്‍ സ്റ്റാര്‍ ചോദിക്കുന്ന ചോദ്യമാണിത്. സിനിമ കണ്ട പ്രേക്ഷകനോട് മാത്രമല്ല അത്. കാലം കഴിഞ്ഞെന്നും ഇനി ഒരു തിരിച്ച് വരവില്ലെന്നും എഴുതി തള്ളിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്….. ഒറ്റവാക്കില്‍ ഗംഭീരം അതാണ് പേട്ടയെ കുറിച്ച് പറയാനുള്ളത്.
രജനീകാന്തിന് കാര്‍ത്തിക് സുബ്ബരാജ് എന്ന കടുത്ത ഫാന്‍ നല്‍കിയ ട്രിബ്യൂട്ടാണ് പേട്ടയെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. സിനിമയിലെ മികച്ചത് എടുത്ത് പറയുന്നതിനേക്കാള്‍ പോരായ്മകള്‍ പറയുന്നതാണ് സുഖം. അതാകുമ്പോള്‍ വളരെ എളുപ്പം കഴിയും.
ചിത്രത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയത് തന്നെ തികച്ചും വ്യത്യസ്തമായാണ്. ക്ലാസിക് ഷോട്ടിലൂടെ മാസ് സീന്‍ ആയിട്ടാണ് രജനിയുടെ ഇന്‍ട്രോ. പുകഴ്ത്തലുകളോ കാതടിപ്പിക്കുന്ന മ്യൂസിക്കോ ഇല്ലാതെ എന്നാല്‍ പക്ക രജനീസം വാരിതുളുമ്പിയ സീന്‍.
അവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്. തമിഴ്നാട്ടിലെ ഒരു ഹില്‍ സ്റ്റേഷനിലെ കോളെജ് ഹോസ്റ്റല്‍ വാര്‍ഡനായി രജനീകാന്ത് അവതരിപ്പിക്കുന്ന കാളി എത്തുന്നതോട് കൂടിയാണ് കഥ ആരംഭിക്കുന്നത്. കോളെജും കുട്ടികളും പ്രേമവും റാഗിങ്ങുമെല്ലാമായി കോളെജിലെ സീനിയേഴസും വാര്‍ഡനും തമ്മിലുള്ള മത്സരങ്ങളുമെല്ലാമായി കേട്ട് പഴകിയ കഥ പശ്ചാത്തലത്തിലാണ് പേട്ട തുടങ്ങുന്നത്. പക്ഷേ അതില്‍ പോലും ഒരു കാര്‍ത്തിക് സുബ്ബരാജ് സിഗ്‌നേച്ചര്‍ ഉണ്ട്.
അത് മനോഹരമായ പശ്ചത്തലത്തില്‍ അതിലും മനോഹരമായി. ഒരു നിമിഷം പോലും ബോറടിക്കേണ്ടി വരില്ല. ഒരു രജനി സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ആദ്യ പകുതിയില്‍ കാര്‍ത്തിക് നമുക്ക് തരുന്നുണ്ട്. തമാശയും റൊമാന്‍സും ഹീറോയിസവുമെല്ലാമായി പോയി കൊണ്ടിരുന്ന സിനിമ ഇന്റര്‍വെല്ലോട് അടുക്കുമ്പോള്‍ അതുവരെയുള്ള ട്രാക്കില്‍ നിന്ന് മാറി ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുകയാണ്. പിന്നീട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റിലേക്ക് കഥ മാറുന്നു.
Also read:ലക്ഷ്മണ്‍ ഗെയ്ക്ക് വാദിന്റെ അന്‍പത് മാര്‍ക്ക്
രണ്ടാം പകുതിയില്‍ കാളിയില്‍ നിന്ന് ചിത്രം പേട്ടയുടെ കഥയാവുന്നു. ത്രില്ലര്‍ സിനിമയായത് കൊണ്ട് തന്നെ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് പ്രേക്ഷകനോട് ചെയ്യുന്ന ചതിയാവും. കാരണം ഇത് കണ്ടു തന്നെ അറിയേണ്ട ഒന്നാണ്. ട്വിസ്റ്റുകളും സസ്പെന്‍സുമെല്ലാമായി ചിത്രം രണ്ടാം പകുതിയില്‍ കൂടുതല്‍ ആവേശം ഉയര്‍ത്തുന്നുണ്ട്. പീറ്റര്‍ ഹെയിനിന്റെ സംഘട്ടനം എപ്പോഴും പോലെ മികച്ച് നിന്നു.
പശുവും ജാതിയും സംസാരിക്കുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലേക്കും സിനിമ ചെറിയ രീതിയില്‍ കടന്നു ചെല്ലുന്നുണ്ട്. ആദ്യ പകുതിയില്‍ തമിഴ്നാട്ടിലാണ് കഥ നടക്കുന്നതെങ്കില്‍ അത് രണ്ടാം പകുതിയില്‍ ഉത്തര്‍പ്രദേശിലേക്ക് മാറുന്നു.
നവാസുദീന്‍ സിദ്ദീഖിയുടെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളാണ് രജനീകാന്തിന്റെ പേട്ടയെ കൂടുതല്‍ ശക്തനാക്കുന്നത്. ഒരല്‍പം സ്ത്രൈണതയുള്ള സിംഗാര്‍ എന്ന കഥാപാത്രമായി നവാസുദീന്‍ തിളങ്ങിയപ്പോള്‍ ജിത്തുവായി വിജയ് സേതുപതിയും തകര്‍ത്തു. ആദ്യ പകുതിയില്‍ മാത്രമാണ് ഉള്ളതെങ്കിലും ബോബി സിംഹയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ആര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. തൃഷയുടെ സരോയും സിമ്രാന്റെ മംഗളവും സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടി മാത്രമുളള രണ്ട് കഥാപാത്രങ്ങള്‍ മാത്രം.
അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തെ കുറിച്ച് എന്ത് പറഞ്ഞാലും കുറഞ്ഞ് പോകും. ചിത്രത്തിന്റെ ബി.ജി.എം അനിരുദ്ധ് തന്നെയാണ്. ചിത്രത്തിന്റെ ലെവല്‍ ചേയ്ഞ്ച് ചെയ്യുന്നതിന് തന്നെ അനിരുദ്ധിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. തിരുവിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും ഔട്ട് സ്റ്റാന്റിംഗ് എന്നേ പറയാന്‍ ഉള്ളു. തമിഴ്നാട്ടില്‍ ആണ് കഥ നടക്കുന്നതെങ്കിലും ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഡെറാഡൂണിലാണ്. ആ താഴ്വരയുടെ മുഴുവന്‍ ഭംഗിയും ഇവരുവരും ചിത്രത്തില്‍ എത്തിച്ചിട്ടുണ്ട്. രാത്രികാല ദൃശ്യങ്ങളിലെ ഭംഗി ചിത്രം കാണുമ്പോള്‍ മനസിലാകും.
ചുരുക്കി പറഞ്ഞാല്‍ കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായിരിക്കും ഈ സിനിമ. രജനീകാന്തിന്റെ ആരാധകര്‍ എന്നും ഈ സംവിധായകനോട് കടപ്പെട്ടിരിക്കും.
വയസായാലും താന്‍ തോറ്റ് പോയെന്ന് ആരും കരുതെണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് തന്നെയാണ് രജനി ഈ ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ… അല്ല കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയ്ക്ക് ഇറങ്ങിയ എറ്റവും മികച്ച രജനി സിനിമ ഏതെന്ന ചോദ്യത്തിന് ഇനിയുള്ള ഉത്തരം പേട്ടയായിരിക്കും.
N.B അതി രാവിലെ തണുപ്പത്ത് മടി പിടിച്ച് കിടന്നവന്‍മാരെ ചവിട്ടി എണിപ്പിച്ച് കൊണ്ട് പോയി പടം കണ്ട് ഇറങ്ങിയപ്പോള്‍ അവന്‍ പറഞ്ഞത് നല്ല ബീഫ് ബിരിയാണി കഴിച്ച ശേഷം സുലൈമാനി കുടിച്ച സുഖം എന്നായിരുന്നു.