|

മന്ത്രിമാര്‍ക്കെതിരെ എണ്ണ ഇറക്കുമതി ലോബിയുടെ ഭീഷണി: വീരപ്പ മൊയ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്യുന്ന  മന്ത്രിമാര്‍ക്ക് ഭീഷണിയുണ്ടെന്ന് കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലി.

എണ്ണ ഇറക്കുമതി ചെയ്യുന്ന ലോബിയാണ് ഭീഷണിപ്പെടുത്തുന്നത്‌. രാജ്യത്തിന്റെ എണ്ണ സമ്പത്ത് ഉപയോഗപ്പെടുത്താതിരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ നീക്കം നടക്കുന്നുണ്ടെന്നും  കേന്ദ്ര മന്ത്രി  പറഞ്ഞു.

എണ്ണ കമ്പനികളുടെ ലോബിയിങ് കാരണമാണ് എണ്ണ ഖനനം നടക്കാത്തത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇപ്പോഴും എണ്ണ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരും.[]

ഇറക്കുമതി കുറച്ച് എണ്ണ ഖനനം നടത്തുകയാണെങ്കില്‍ 2030 ആകുന്നതോടെ ഇന്ത്യക്ക് ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കും.

ഇതിന് എണ്ണ കമ്പനികള്‍ക്ക് മാന്യമായ വേതനം നല്‍കേണ്ടി വരും. പ്രകൃതി വാതക വില വര്‍ദ്ധിപ്പിക്കുന്നതിനെ ലോബികള്‍ എതിര്‍ക്കുകയാണ്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്ന ആളല്ല താനെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി.

പ്രകൃതി വാതകത്തിന്റെ വില 60 ശതമാനം ഉയര്‍ത്താനുള്ള മൊയ്‌ലിയുടെ നീക്കത്തിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു.

കുത്തക കമ്പനിയായ റിലയന്‍സിനെ സഹായിക്കാനാണ് ഈ പരിപാടിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് വീരപ്പ മൊയ്‌ലി പുതിയ പ്രസ്താവനയുമായി രംഗത്ത്  വന്നിരിക്കുന്നത്.