| Friday, 20th February 2015, 7:38 am

പെട്രോളിയം മന്ത്രാലയത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ചാരവൃത്തി: അഞ്ചുപേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് രേഖ ചോര്‍ത്തിയതിന് രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. പെട്രോളിയം രംഗത്തെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ രേഖകള്‍ കൈക്കലാക്കി കൈമാറുന്ന ഇടനില സംഘമാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ഇതില്‍ നിരവധി ഊര്‍ജ്ജ കമ്പനികളിലെ ഉദ്യോഗസ്ഥരുമുണ്ട്. റിലയന്‍സ് ഇന്റസ്ട്രീസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ കസ്റ്റഡിയിലുള്ളൂവെന്നാണ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രി വൈകിയും ക്രൈംബ്രാഞ്ചിന്റെ ആറ് സംഘങ്ങള്‍ നഗരത്തില്‍ പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും പോലീസ് അറിയിച്ചു.

വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ കടക്കാന്‍ വ്യാജമായ പ്രത്യേക വാഹന പാസ്, വ്യാജ ഐഡന്റിറ്റി കാര്‍ഡ്, പെട്രോളിയം മന്ത്രാലയത്തിലെ ഏതാനും അലമാരകള്‍ തുറക്കാന്‍ കള്ളത്താക്കോല്‍ എന്നിവയുടെ സഹായത്താല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രധാന രേഖകള്‍ ചോര്‍ത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വിശദീകരിച്ചു.

എണ്ണ കുഴിച്ചെടുക്കല്‍, വിലയിടല്‍, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളുടെ വിശദാംശങ്ങളാണ് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ചോര്‍ത്തി നല്‍കിയത്. പര്യവേക്ഷണം, വാതക വിലനിര്‍ണയം, ഡീസല്‍ വിലനിയന്ത്രണം നീക്കല്‍ എന്നിങ്ങനെ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സുപ്രധാനമായ പല തീരുമാനങ്ങളും എടുത്തിരുന്നു.

“ചില സ്വതന്ത്ര ഊര്‍ജ കമ്പനികളില്‍ നിന്നും കണ്‍സള്‍ട്ടന്റുമാരില്‍ നിന്നുമാണ് ഇവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ദല്‍ഹി പോലീസ് മേധാവി ബി.എസ് ബസ്സി പറഞ്ഞു.

അവതരിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സിറ്റീവായ പല വിവരങ്ങള്‍ ചോര്‍ന്നതായാണ് ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. സുപ്രധാന രേഖകള്‍ ചോര്‍ത്തപ്പെടുന്നതുമായി ബന്ധപ്പെട്ട അന്വേഷണം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറ്റയുടന്‍ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ സംശയിക്കുന്ന ചിലര്‍ക്കുവേണ്ടി പോലീസ് കെണിയൊരുക്കുകയും രണ്ടു ഉദ്യോഗസ്ഥര്‍ ഈ കെണിയില്‍ വീഴുകയുമായിരുന്നു. ഇവരാണ് മറ്റുമൂന്നുപേരുടെ വിവരങ്ങള്‍ പോലീസിനു നല്‍കിയത്.

അലമാര തുറന്ന് രേഖകള്‍ കൈക്കലാക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൈമാറുകയാണ് സംഘം ചെയ്തുവന്നിരുന്നതെന്ന് ബി.എസ്. ബസ്സി വിശദീകരിച്ചു. ഇതിലൊരാള്‍ക്ക് വ്യാജ ഐ.ഡി കാര്‍ഡും വാഹനത്തില്‍ സര്‍ക്കാര്‍ സ്റ്റിക്കറുകള്‍ സ്വയം ഒട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിടികൂടിയവര്‍ ക്ലര്‍ക്ക്, പ്യൂണ്‍, കരാര്‍ തൊഴിലാളി, ഡ്രൈവര്‍ എന്നിവരാണ്. എന്നാല്‍, ഇവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി നല്ല ബന്ധമുണ്ട്. ഒരാള്‍ പത്രക്കാരനാണെന്ന് പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ഔദ്യോഗിക രഹസ്യനിയമം എന്നിവയിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ ചോര്‍ത്തിയ രേഖകള്‍ കിട്ടിയത് ആര്‍ക്കാണെന്ന ചില സൂചനകള്‍ ഇതിനകം തന്നെ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് കമീഷണര്‍ പറഞ്ഞു.

പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തിക്കാരെ പിടികൂടിയത് സര്‍ക്കാറിന്റെ വീഴ്ചയല്ല, മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് വകുപ്പു മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പ്രതികരിച്ചു. വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രാലയങ്ങളില്‍ ചുറ്റിത്തിരിയുന്ന ഇടനിലക്കാരെ നിരീക്ഷിക്കണമെന്നും നിര്‍ദേശം പോയിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവം. ചാരപ്പണി നടത്തിയ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പേര് പരസ്യപ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യമുന്നയിച്ചു. ഊര്‍ജരംഗത്തുള്ള സ്ഥാപനങ്ങളാണെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ട്. ഈ രംഗത്ത് വളരെക്കുറച്ച് വന്‍കിട കമ്പനികള്‍ മാത്രമാണുള്ളതെന്നും എ.എ.പി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more