ന്യൂദൽഹി: നിയന്ത്രണാധീതമായി പെട്രോൾ,ഡീസൽ വില ഉയരുന്ന സാഹചര്യത്തിൽ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് എണ്ണകമ്പനികളുമായി കൂടികാഴ്ച നടത്തും. ഇന്ന് വൈകുന്നേരമാണ‍് പെട്രോളിയം മന്ത്രി എണ്ണകമ്പനികളെ കാണുക.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ലിറ്ററിന‍് രണ്ട് രൂപയോളമാണ‍് രാജ്യത്ത് വില വർദ്ധിച്ചത്. മെയ് 12 ന‍് കർണ്ണാടകാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന‍് ശേഷം നിയന്ത്രണാധീതമായിരുന്നു പെട്രോൾ വിലവർദ്ധന. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ‍് ഇപ്പോൾ പെട്രോളിനും ഡീസലിനും രേഖപ്പെടുത്തിയിട്ടുള്ളത്.
പെട്രോളിന‍് ചുമത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന‍് ഉത്തരം നല്കാൻ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതർ വിസമ്മതിച്ചതായി ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനങ്ങൾ ചുമത്തിയിരിക്കുന്ന വാറ്റ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തും എന്നാണ‍് വാർത്തകൾ സൂചിപ്പിക്കുന്നത്.