| Saturday, 1st November 2014, 12:35 am

പെട്രോള്‍, ഡീസല്‍ വില കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമായത്. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോള്‍ ഡീസല്‍ വില 2.50 കുറച്ചേക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഗസ്റ്റിന് ശേഷം തുടര്‍ച്ചയായി ആറാം തവണയാണ് പെട്രോള്‍ വില കുറയുന്നത്. ഈ മാസം ഇത് മൂന്നാംതവണയാണ് ഇന്ധന വില കുറയ്ക്കുന്നത്. ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയശേഷമുള്ള ആദ്യത്തെ വിലകുറയ്ക്കലാണിത്.

ഒക്ടോബര്‍ 18നാണ് ഡീസല്‍ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. അന്ന് ഡീസലിന്റെ വില ലിറ്ററിന് 3.37 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. പെട്രോള്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

വിലകുറയുന്നതോടെ പെട്രോള്‍ വില 16മാസം മുമ്പുണ്ടായിരുന്ന അതേ നിലയിലാവും. ഡീസല്‍ വിലയാകട്ടെ ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന നിലക്കിലും.

അന്താരാഷ്ട്ര വിപണിയില്‍ രണ്ടാഴ്ച മുമ്പാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞത്. നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയായ ബാരലിന് 82.60 ഡോളര്‍ എന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വിലയിപ്പോള്‍.

We use cookies to give you the best possible experience. Learn more