| Saturday, 31st August 2013, 7:10 pm

പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ദ്ധനവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പെട്രോളിന്റെ വിലയില്‍ 2 രൂപ 35 പൈസയുടെയും ഡീസലിന്റെ വിലയില്‍ 50 പൈസയുടെയും വര്‍ദ്ധനവാണ് വരുത്തിയത്. []

പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. വര്‍ദ്ധിപ്പിച്ച വിലയ്ക്ക് പുറമെ സംസ്ഥാന നികുതികളും ബാധകമാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതും രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞതുമാണ് വിലകൂട്ടണമെന്ന എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

നേരത്തെ എണ്ണ കമ്പനികളുടെ നഷ്ടം നികത്തുന്നതിനായി ഒറ്റത്തവണ വര്‍ദ്ധനവ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡീസലിനും പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ഡീസലിന് ലിറ്ററിന് മൂന്നു മുതല്‍ അഞ്ചു രൂപ വരെയും പാചകവാതകത്തിന് 50 രൂപയും വര്‍ദ്ധനവുണ്ടാകുമെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഡീസലിന് നിലവില്‍ ഓരോ മാസവും വര്‍ദ്ധിപ്പിക്കുന്ന 50 പൈസ കൂട്ടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

മണ്ണെണ്ണയ്ക്ക് ലിറ്ററിന് രണ്ടു രൂപ കൂട്ടണമെന്നാണ് നിര്‍ദേശം. ഇത് പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം കഴിയുന്ന സെപ്റ്റംബര്‍ ആറിനു ശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more