സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു; ഇന്ധനവില വര്‍ധനവ് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍
Kerala News
സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു; ഇന്ധനവില വര്‍ധനവ് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th June 2021, 7:55 am

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി 100 കടന്നു. തിരുവനന്തപുരത്താണ് വില 100 കടന്നത്. തിരുവനന്തപുരത്ത് പാറശാലയില്‍ പ്രെട്രോളിന്റെ വില 100.04 രൂപയായി.

പെട്രോള്‍ വില 26 പൈസ കൂടി വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് പെട്രാള്‍ വില സെഞ്ച്വറി അടിച്ചത്. മൂന്ന് മാസം മുന്‍പ് 90 രൂപയായിരുന്ന പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളിലാണ് 100 കടന്നത്.

സംസ്ഥാനത്ത് നേരത്തെ തന്നെ പ്രീമിയം പെട്രോളിന്റെ വില 100 കടന്നിരുന്നു. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധനവില കൂടുന്നത്. തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പെട്രോളിന് വില 99.80 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.86 രൂപയായി ഉയര്‍ന്നു.

ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 8 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിലെ 94.79യുമാണ് വില.

ഇന്ധനവില വര്‍ധനവ് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വീണ്ടും ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തു രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്തു കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണു ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: Petrol prices crosses 100 per liter, Fuel price hike continues