പെട്രോള്‍ വില 1 രൂപ 15 പൈസ കുറച്ചു, ഡീസല്‍ വില കൂട്ടി
India
പെട്രോള്‍ വില 1 രൂപ 15 പൈസ കുറച്ചു, ഡീസല്‍ വില കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2013, 7:13 pm

[]ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ പതിനഞ്ച് പൈസ കുറച്ചു. അതേസമയം ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക്് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞതും ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ വിലയില്‍ മാറ്റമുണ്ടായതുമാണ്  വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.

രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് ഇറക്കുമതിയിലെ നഷ്ടം മറികടക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മാസങ്ങള്‍ക്കു മുന്‍പ് തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു. പല ഘട്ടങ്ങളിലായി പെട്രോള്‍ വില പതിമൂന്ന് രൂപയിലധികമായിരുന്നു ഉയര്‍ത്തിയത്.

തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവിന് ശേഷം ഉപഭോക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസമേകി പെട്രോള്‍ വില കഴിഞ്ഞ മാസം ലിറ്ററിന് 3.05 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്ക്് ആശ്വാസമേകി കമ്പനികള്‍ വീണ്ടും വില കുറച്ചിരിക്കുന്നത്.

അതേസമയം ഇറക്കുമതിയിലെ വലിയ നഷ്ടം മറികടക്കാന്‍ ഓരോ മാസവും ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.