ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളരെ സെന്‍സിറ്റീവായ തീരുമാനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ തീരുമാനം സാധാരണക്കാര്‍ക്ക് ആശ്വാസം പകരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിന് പുറമെ, മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അധിക ഇളവ് നല്‍കിക്കൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നത് പ്രശംസനീയമായ പ്രവര്‍ത്തനമാണെന്നും അമിത് ഷാ പറഞ്ഞു.
”പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജി ദീപാവലി ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കി.
അന്താരാഷ്ട്ര തലത്തില്‍ വില വര്‍ധിച്ചതിന് ശേഷവും നല്‍കിയ ഇളവ് വളരെ സെന്‍സിറ്റീവായ തീരുമാനമാണ്. ഇതിന് ഞാന്‍ മോദിജിയോട് നന്ദി പറയുന്നു,” അമിത് ഷാ ട്വീറ്റ് ചെയ്തു.
കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം ശക്തമായതോടെയാണ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്.
ഇളവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്.