| Sunday, 22nd April 2018, 2:56 pm

റെക്കോര്‍ഡ് തിരുത്താന്‍ പെട്രോള്‍ വില; റെക്കോര്‍ഡിട്ട് ഡീസല്‍ വില; ഇനിയും ഉയരാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ഭരണത്തിന് കീഴിലെ ഏറ്റവും വലിയ വില തൊട്ട് പെട്രോള്‍. 74.40 രൂപയാണ് ഇന്ന് രാവിലെ ദല്‍ഹിയിലെ പെട്രോള്‍ വില. 65.65 രൂപയില്‍ ഡീസലും വിലയില്‍ റെക്കോര്‍ഡിട്ടിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ ഇന്ന് 77.02 രൂപയാണ് പെട്രോള്‍ വില. തിരുവനന്തപുരത്ത് വില 78 കടന്നു. ഈ മാസം ഒന്നിന് ശേഷം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയിലധികവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും കൂടിയിരുന്നു. ഇതേ നിലയില്‍ തുടര്‍ന്നാല്‍ പെട്രോള്‍ വില 2013ലെ റെക്കോര്‍ഡും കടന്ന് മുന്നേറും. 78.47 രൂപയാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പെട്രോള്‍ വില.


Read | ബലാത്സംഗം ചെയ്യുന്നവരെയെല്ലാം വധശിക്ഷയ്ക്കു വിധിക്കണം: നിര്‍ഭയയുടെ അമ്മ


പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയുള്ളത്. നികുതികളാണ് വിലയുടെ പകുതിയോളം എന്നതാണ് ഇത്ര ഭീമമായ വര്‍ധനവിന് കാരണം.


Read | ലിഗയെ അന്വേഷിച്ച എന്നെ അവര്‍ മാനസിക രോഗിയാക്കി; അവള്‍ അവധി ആഘോഷിക്കാന്‍ പോയ ഭാവമായിരുന്നു പൊലീസിനെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്


2014 നവംബര്‍ മുതല്‍ 9 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില പലതവണ മാറിയപ്പോഴും ഇതിനിടെ ഒരിക്കല്‍ മാത്രമാണ് എക്‌സൈസ് തീരുവ കുറച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് എണ്ണവില ഉയരാന്‍ കാരണം. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ക്രൂഡ് ഓയില്‍. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 74 ഡോളറും കടന്ന് മുന്നോട്ട് പോവുകയാണ്. എണ്ണവില കൂട്ടാനുള്ള സൗദിയുടെ തീരുമാനം തുടരുന്നതോടെ പെട്രോള്‍ ഡീസല്‍ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more