ന്യൂദല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്. 57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷമാണ് പെട്രോള്‍ വില കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 11 പൈസ വരെയാണ് വര്‍ധിച്ചിരിക്കുന്നത്.
കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.03 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല.
എണ്ണ ഉല്‍പാദനം കുറക്കാന്‍ നേരത്തെ ഒപെക് യോഗം തീരുമാനിച്ചിരുന്നു. ഉല്‍പാദനം കുറച്ച് വില ഉയര്‍ത്താനാണ് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ നീക്കം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.
നേരത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ സമാനമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.
19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമായിരുന്നു വില കൂട്ടിയത്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാറിന്റെ കളിയായിരുന്നുവെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.