| Friday, 18th June 2021, 8:02 am

'ഇതിനൊരവസാനമില്ലേ?'; പെട്രോള്‍ നൂറിലേക്ക്, വലഞ്ഞ് ജനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 98.97 രൂപയായി. ഡീസലിന് 94.23 ആയി. കൊച്ചിയില്‍ 97.15 ഉം ഡീസലിന് 92.52രൂപയുമായി.

നേരത്തേ സംസ്ഥാനത്തെ മിക്കയിടത്തും പ്രീമിയം പെട്രോളിന് വില നൂറ് കടന്നിരുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില വര്‍ധിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വീണ്ടും ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. ഇന്ധനവില വര്‍ധനയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുന്നുണ്ട്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തു രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്തു കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണു ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Petrol price hike

We use cookies to give you the best possible experience. Learn more