| Tuesday, 8th December 2020, 11:44 am

പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതും ചെയ്യും; ഇതാണോ വലിയ ആനക്കാര്യം; പെട്രോള്‍ വില വര്‍ധനവില്‍ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ പല സമരങ്ങളും ചെയ്യുമെന്നും എന്നാല്‍ അധികാരത്തിലെത്തുമ്പോള്‍ അങ്ങനെ ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിചിത്ര ന്യായീകരണവുമായി സുരേന്ദ്രന്‍ എത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ച ആളായിരുന്നല്ലോ താങ്കള്‍ എന്നും ഇപ്പോള്‍ വില കുത്തനെ വര്‍ധിക്കുമ്പോള്‍ എന്താണ് പറയാനുള്ളതെന്നുമുള്ള ചോദ്യത്തിന് അതിനെന്താണ് കുഴപ്പമെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടല്ലോ അവര്‍ ഉന്തണ്ടെയെന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഞാന്‍ ഉന്തിയത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഇത് ഇത്ര വലിയ ആനക്കാര്യമാണോ. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യും. ഏത് വിഷയത്തിലും അങ്ങനെയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

പെട്രോള്‍ വില വര്‍ധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഏയ് ആരാണ് ഇതെല്ലാം നോക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

പെട്രോളിന്റെ വില നിര്‍ണയ അധികാരം എടുത്തുകളഞ്ഞത് കോണ്‍ഗ്രസാണെന്നും പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിര്‍ണയ അധികാരം സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് എടുത്തുകളഞ്ഞത് യു.പി.എ ഗവര്‍മെന്റാണെന്നുമായിരുന്നു സുരേന്ദ്രന്‍ വാദിച്ചത്.

പെട്രോള്‍ വില കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. ചില ദിവസങ്ങളില്‍ കുറയും ചില ദിവസങ്ങളില്‍ കൂടും.

യു.പി.എ ചെയ്ത തെറ്റായ കാര്യം തിരുത്താമല്ലോ എന്ന ചോദ്യത്തിന് അത് അത്ര എളുപ്പം തിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ വിലവര്‍ധനവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു! ‘ലോകത്ത് എല്ലായിടത്തും സ്വീകരിച്ചിരിക്കുന്ന നമ്മുടെ ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് മാര്‍ക്കറ്റ് എല്ലാം ഓപ്പണ്‍ ആവുമ്പോള്‍ ഗവര്‍മെന്റില്‍ നിന്ന് പലതും പോകുകയാണ്. അത് ഇന്നുണ്ടായ സംഗതി അല്ലല്ലോ’, എന്നാണ് സുരേന്ദ്രന്‍ പറഞ്ഞുവെച്ചത്.

പെട്രോല്‍ വില വര്‍ധനവൊന്നും വലിയ കാര്യമല്ലെന്നും ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ എന്നും സുരേന്ദ്രന്‍ തുടര്‍ന്നു പറഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യമായി ഞങ്ങള്‍ അരി കൊടുക്കുന്നു. സൗജന്യമായി ഞങ്ങള്‍ പാചക വാതകം കൊടുക്കുന്നു. വില കുറച്ച് മരുന്ന് കൊടുക്കുന്നു. ജന്‍ധന്‍ യോജനയിലൂടെ 500 രൂപ കൊടുക്കുന്നു’, സുരേന്ദ്രന്‍ അവകാശപ്പെട്ടു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 87 രൂപയ്ക്ക് പെട്രോള്‍ അടിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അത് തിരുത്തി. എന്നാല്‍ നിങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കുകയാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റേയും സി.പി.ഐ.എമ്മിന്റേയും ക്യാപ്‌സൂളുകളാണ് ഇതെല്ലാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഇതൊന്നും ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയമേ അല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ചേര്‍ന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കെടുതിയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു സുരേന്ദ്രന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Petrol Price Hike is Not A Big Thing K Surendran

We use cookies to give you the best possible experience. Learn more