| Saturday, 23rd June 2012, 12:18 am

രൂപയുടെ മൂല്യമിടിവ്; പെട്രോള്‍ വില ഉടന്‍ കുറയ്ക്കാനാവില്ലെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍ വില കുറയുന്നതും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് ഇനിയും നീളും. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴുന്നതിനാല്‍ വിലകുറയ്ക്കാനാവില്ലെന്ന് എണ്ണ മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയില്‍ വിലയില്‍ ലഭിക്കുന്ന കുറവ് രൂപയുടെ മൂല്യത്തകര്‍ച്ചയിലൂടെ നഷ്ടമാകുകയാണ്. അതിനാല്‍ പെട്രോള്‍ വില പെട്ടെന്ന് കുറയ്ക്കാന്‍ സാധിക്കില്ല. സാഹചര്യം നിരീക്ഷിച്ചശേഷം പര്യാപ്തമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മേയ് 23ന് എട്ടു രൂപയാണ് പെട്രോള്‍ വിലയില്‍ എണ്ണക്കമ്പനികള്‍ കൂട്ടിയത്. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ എന്ന നിലയിലായിരുന്നു. അത് 105 ഡോളറിലേക്ക് താണപ്പോള്‍ ജൂണ്‍ രണ്ടിന് പെട്രോള്‍ വില രണ്ടു രൂപ കുറക്കാന്‍ ജൂണ്‍ രണ്ടിന് എണ്ണക്കമ്പനികള്‍ തയാറായിരുന്നു. വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില 96 ഡോളറാണ്. എല്ലാ മാസവും ഒന്നാം തീയതിയും 15ാം തീയതിയും ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യവും കണക്കാക്കി പെട്രോള്‍ വില എണ്ണക്കമ്പനികള്‍ പുനരവലോകനം ചെയ്യാറുണ്ട്.

We use cookies to give you the best possible experience. Learn more