പെട്രോളിന് മൂന്ന് രൂപ വര്‍ധിപ്പിക്കണം: ഇല്ലെങ്കില്‍ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഐ.ഒ.സി
Big Buy
പെട്രോളിന് മൂന്ന് രൂപ വര്‍ധിപ്പിക്കണം: ഇല്ലെങ്കില്‍ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഐ.ഒ.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2012, 9:25 am

ന്യൂദല്‍ഹി: പെട്രോളിന് ലിറ്ററിന് 1.37 രൂപ ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ അടുത്തയാഴ്ച 3 രൂപ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എണ്ണ കമ്പനികളുടെ മുന്നറിയിപ്പ്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്.[]

ഡീസല്‍, പാചകവാതക വില ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍, എച്ച്.പി.എല്‍, ബി.പി.എല്‍ കമ്പനികളുടെ ആകെ നഷ്ടം 180,000 കോടി കവിയുമെന്നും കമ്പനികള്‍ പറയുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ദിവസം 20 കോടി രൂപ നഷ്ടം വരുന്നുണ്ടെന്നാണ് ഐ.ഒ.സി സി.എം.ഡി ആര്‍.എസ് ബുട്ടോല പറയുന്നത്. വില വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പെട്രോള്‍ വില നിര്‍ണയാധികാരം സര്‍ക്കാരില്‍ തന്നെ നിഷിപ്തമാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

2010 ജൂണിലാണ് പെട്രോള്‍ വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നല്‍കിയത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില നിയന്ത്രണം മാത്രമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്.

ജൂണിനുശേഷം പെട്രോള്‍ വില 10 തവണ കമ്പനികള്‍ ഉയര്‍ത്തി. തുടര്‍ന്നും നഷ്ടം നികത്താനാകാത്ത സാഹചര്യത്തിലാണ് വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്.