| Friday, 25th May 2012, 8:46 pm

പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കില്ല: ജയ്പാല്‍ റെഢി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഢി. രാജ്യാന്തര വിപണിയിലെ വിലക്കാനുപാതികമായിട്ടാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയ്പാല്‍ റെഢി.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില ക്രമാതീതമായി വര്‍ധിക്കുകയും രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്ത രീതിയില്‍ ഇടിയുകയും ചെയ്തതിനെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മാത്രമായി മാറി നില്‍ക്കാനാവില്ലെന്നും ജയ്പാല്‍ റെഢി പറഞ്ഞു. പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഓയില്‍ കമ്പനികളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിലവര്‍ധനക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വില പുനപരിശോധിക്കുമെന്ന വാര്‍ത്തക്കിടെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റുകള്‍ നികുതിയില്‍ ഇളവു നല്‍കിയോ വേണ്ടെന്നു വെച്ചോ വില കുറച്ചു നല്‍കാവുന്നതാണ്. കേന്ദ്ര ഗവണ്‍മെന്റിന് ഈ പ്രത്യേകസാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more