കൊവിഡ് ഭീതിയ്ക്കിടയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധന; പൊറുതിമുട്ടി ജനം
Kerala News
കൊവിഡ് ഭീതിയ്ക്കിടയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധന; പൊറുതിമുട്ടി ജനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 7:47 am

തിരുവനന്തപുരം/കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്.

പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് വില.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം കൂട്ടാതിരുന്ന വിലയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കൊവിഡ് രണ്ടാം തരംഗം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില വര്‍ധനവ് കൂടി താങ്ങാനാകില്ലെന്നും ജനം പറയുന്നു

അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ക്രൂഡ് ഓയിലിന് ബാരലിന് 71.45 ഡോളറായിരുന്ന മാര്‍ച്ച് 8 ന് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. നിലവില്‍ 65.68 ആയി ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്ന സമയത്താണ് വില കൂട്ടിയിരിക്കുന്നത്.