| Monday, 10th May 2021, 7:36 am

വീണ്ടും ഇന്ധനവില കൂട്ടി; ഓക്‌സിജന്‍ ക്ഷാമത്തിലേതു പോലെ ഇടപെടാന്‍ സാധിക്കുമോയെന്ന് കോടതിയോട് ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം/കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയായി. കൊച്ചിയില്‍ 91.73 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം കൂട്ടാതിരുന്ന വിലയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടിയത്.

തുടര്‍ച്ചയായ നാല് ദിവസം ഇന്ധനവില വര്‍ധിപ്പിച്ച ശേഷം പിന്നീട് കഴിഞ്ഞ രണ്ട് ദിവസത്തേക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില വര്‍ധനവ് കൂടി താങ്ങാനാകില്ലെന്നും ജനം പറയുന്നു. വാക്‌സിന്‍ ക്ഷാമത്തിലും ഓക്‌സിജന്‍ പ്രതിസന്ധിയിലുമെല്ലാം ഇടപെട്ടതു പോലെ കോടതിയ്ക്ക് കുതിച്ചുയരുന്ന ഇന്ധനവിലയിലും ഇടപെടാന്‍ സാധിക്കുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്.

അസംസ്‌കൃത എണ്ണയ്ക്ക് വില കൂടുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ക്രൂഡ് ഓയിലിന് ബാരലിന് 71.45 ഡോളറായിരുന്ന മാര്‍ച്ച് 8ന് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. നിലവില്‍ 65.68 ആയി ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്ന സമയത്താണ് വില കൂട്ടിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Petrol Diesel Price hike, people asks for Courts’s intervention to stop the hike

We use cookies to give you the best possible experience. Learn more