തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 95.14 രൂപയും ഡീസല്‍ വില 90.55 രൂപയുമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കൊവിഡ് കാലത്തും ഇന്ധന വില വര്‍ധിക്കുകയാണ്.
യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അവശ്യ സാധനങ്ങള്‍ അടക്കമുള്ളവയ്ക്ക് വില കുതിച്ചു കയറുന്നതിന് ഇന്ധന വില വര്‍ധനവ് കാരണമാകുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.
പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.
പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.