| Monday, 2nd May 2022, 10:03 am

ശ്രീനിവാസന്‍ വധക്കേസ് പ്രതി ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് ആക്രമണം; വീടിന് പൊലീസ് സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധക്കേസിലെ പ്രതി ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ കുപ്പിയേറ്.

പുലര്‍ച്ചെ ഒന്നരയോട് കൂടിയായിരുന്നു സംഭവം. ഫിറോസിന്റെ മാതാപിതാക്കള്‍ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

വലിയ അപകടമോ വീടിന് കാര്യമായ കേടുപാടുകളോ സംഭവിച്ചിട്ടില്ല.

സ്‌ഫോടന ശബ്ദവും കുപ്പി പൊട്ടുന്നതായുള്ള ശബ്ദവും കേട്ടതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിറോസിന്റെ വീടിന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെയും കൊലപാതകത്തിന് ശേഷം, നിലവില്‍ ജില്ലയില്‍ സമാധാനന്തരീക്ഷം ഉണ്ടായിരിക്കെയാണ് അക്രമം നടന്നതെന്നതിനാല്‍ പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.

ശ്രീനിവാസന്‍ വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ചയാളാണ് ഫിറോസ്. പൊലീസ് പിടിയിലായ ഫിറോസ് നിലവില്‍ ജയിലിലാണുള്ളത്.

കൊലപാതകത്തില്‍ നേരിട്ട് ഭാഗമായവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി ഇതുവരെ 16 പേരാണ് ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായത്.

ശ്രീനിവാസന്‍ വധക്കേസിലെ മറ്റ് പ്രതികളുടെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധക്കേസിലെ പ്രതികളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു ശ്രീനിവാസന്, ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് പാലക്കാട് മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു വെട്ടേറ്റത്. അതിന് തലേദിവസമായിരുന്നു പാലക്കാട് എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ നേതാവുമായ സുബൈര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു.

ഫോട്ടോ ക്രെഡിറ്റ്: മീഡിയ വണ്‍

Content Highlight: Petrol bottle attack against the house of the accused Firoz in RSS worker Sreenivasan’s murder case, Palakkad

We use cookies to give you the best possible experience. Learn more