കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അക്രമിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
#BREAKING — BJP office attacked by miscreants in Coimbatore, Tamil Nadu; Petrol bombs hurled early morning | @RevathiRajeevan with more details pic.twitter.com/SAT4NPKgAn
— News18 (@CNNnews18) March 7, 2018
ഓടിയെത്തിയ രണ്ടു പേര്‍ ബി.ജെ.പി ഓഫിസിന് നേരെ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിയുന്നതാണ് വീഡിയോയിലുള്ളത്. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ലെന്നും സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read Also: ഇന്ത്യന്‍ ചരിത്രം ഹിന്ദു അനുകൂലമാക്കി മാറ്റി എഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി
പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതാക്കളായ എച്ച്. രാജയും എസ്.ജി സൂര്യയും ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തകര്‍ക്കപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്.
“ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.” എന്നായിരുന്നു രാജയുടെ ട്വീറ്റ്.
“ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു” എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.