ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബേറ്: കാര്‍ തകര്‍ത്തു
National Politics
ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബേറ്: കാര്‍ തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st March 2018, 12:32 pm

 

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ പെട്രോള്‍ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് സി.ആര്‍ നന്ദകുമാറിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.


Also Read: ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്റെ അധിക്ഷേപ പരാമര്‍ശവും പ്രതിഷേധങ്ങളും വാര്‍ത്തയാക്കി ബി.ബി.സിയും


മസാകലിപാളയം റോഡിലെ രാമലക്ഷ്മി നഗറിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു.

കാറില്‍ ഇന്ധനമൊഴിച്ചശേഷം പിന്നീട് തീയെറിഞ്ഞതാണെന്നാണ് പൊലീസ് പറയുന്നത്.

സിഗ്നല്ലൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ അഞ്ച് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയയ്യ പറഞ്ഞു.

“ആക്രമണത്തില്‍ പങ്കാളികളായവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ടീമിനോട് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.” പെരിയയ്യ പറഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് നന്ദകുമാര്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടുപേരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട മാതാവ് വിളിച്ചു പറഞ്ഞതോടെയാണ് താന്‍ പുറത്തേക്കു വന്നതെന്നും അപ്പോള്‍ കാര്‍ കത്തുന്നതാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.

അയല്‍ക്കാരുടെ സഹായത്തോടെ അദ്ദേഹം തീയണച്ചു.

മാര്‍ച്ച് ഏഴിനു ബി.ജെ.പിയുടെ കോയമ്പത്തൂര്‍ ഓഫീസിനുനേരെ ആക്രമണം നടന്നിരുന്നു. ദ്രാവിഡിയന്‍ നേതാവ് പെരിയാറിന്റെ പ്രതിമ പൊതുസ്ഥലത്തുനിന്ന് നീക്കം ചെയ്യുമെന്ന ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു കൊയമ്പത്തൂരിലെ ഓഫീസിനുനേരെ ആക്രമണം നടന്നത്.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം