തമിഴ്‌നാട് ഗവര്‍ണറുടെ വസതിക്ക് നേരെ ബോംബേറ്: ഡി.എം.കെക്കെതിരെ പ്രതിപക്ഷം
national news
തമിഴ്‌നാട് ഗവര്‍ണറുടെ വസതിക്ക് നേരെ ബോംബേറ്: ഡി.എം.കെക്കെതിരെ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 5:47 pm

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ അതീവ സുരക്ഷയുള്ള വസതിക്ക് നേരെ ബോംബാക്രമണം. ആക്രമണം നടന്ന മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നേരെ അനവധി ആക്രമണങ്ങള്‍ ഇതിന് മുന്നേ ഉണ്ടായിട്ടുണ്ടെന്ന് സംഭവത്തെ തുടര്‍ന്ന് രാജ്ഭവന്‍ അധികൃതര്‍ പറഞ്ഞു. കൂടാതെ പ്രധാന കവാടമായ ഗേറ്റ് 1ന് നേരെ ഉണ്ടായ ആക്രമണത്തില്‍ വലിയ രീതിയില്‍ പൊട്ടിത്തെറിയുണ്ടായെന്നും കവാടത്തിന് തീപിടിച്ചെന്നും രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ചില്ലെന്നും പ്രധാന ഗേറ്റിന് മുമ്പുള്ള ബാരിക്കേഡിന് സമീപമാണ് വീണതെന്നും ദക്ഷിണ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാക്കി മൂന്ന് കുപ്പികള്‍ പൊലീസ് പിടിച്ചെടുത്തതായും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അതേസമയം തമിഴ്‌നാട് പൊലീസിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തി രാജ്ഭവന്‍ രംഗത്തെത്തി. ഡി.എം.കെ ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കപ്പെടുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉയര്‍ത്തി. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ന്യായപരമായ അന്വേഷണത്തിന് തുടക്കം കുറയ്ക്കുന്നതിന് മുന്നേ തന്നെ കേസില്‍ തടസമാണ് ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഗരുകാ വിനോദ് എന്നയാളാണ് ഗവര്‍ണറുടെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. പ്രതി സമാനരീതിയില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്.

നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് പ്രതി സൂചന നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണിതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചു.

Content Highlight: Petrol bomb attack on Tamil Nadu Governor’s house