|

തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 8 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. പെട്രോളിന് ഒരു രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 80 പൈസയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില 48 ഡോളറാണ്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു.

കൊവിഡ് മൂലമാണെന്നായിരുന്നു ഇതിന് പറഞ്ഞ വിശദീകരണം. നവംബര്‍ 20ന് പ്രതിദിന വില നിയന്ത്രണം പുനരാരംഭിക്കുകയായിരുന്നു. അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധിപ്പിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ലോകത്ത് കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്. വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാല്‍ വ്യവസായ മേഖലയടക്കമുള്ള ഉണരുമെന്നും ഇന്ധന ഡിമാന്റ് വര്‍ധിക്കുമെന്നുമാണ് വിലയിരുത്തുന്നത്.

വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത. പുതുക്കിയ വില അനുസരിച്ച് ദല്‍ഹിയില്‍ 82.13 രൂപയാണ് പെട്രോളിന്റെ വില, ഡീസലിന് 72.13 രൂപയാണ്.

കൊച്ചിയില്‍ 82.38 രൂപ പെട്രോളിനും ഡീസലിന് 76.18 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 83 രൂപയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Petrol and diesel prices hiked for sixth day in a row,