തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി. സംസ്ഥാനത്ത് ഡീസലിന്റെ വില നൂറിനടുത്തെത്തി. ഡീസല്‍ വില ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്.
രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് പ്രകാരം കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.10 രൂപയാണ് വില. ഡീസലിന് ഡീസല്‍ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.32 രൂപയും ഡീസല്‍ വില 97.91 രൂപയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസല്‍ വില 99 രൂപ 45 പൈസയായി. പെട്രേള്‍ വില 106 രൂപ എട്ടുപൈസയുമായി.
സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണ് ഇന്ധന വില വര്‍ധിക്കുന്നതിന് കാരണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു.