ന്യൂദല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില അനുദിനം കുതിച്ചുയരുകയാണ്. എന്നിട്ടും അതു കുറയ്ക്കാനോ വര്‍ധനവിന് തടയിടാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പകരം പുതിയ പുതിയ വാഗ്ദാനങ്ങള്‍ നല്‍കാനാണ് അവര്‍ക്ക് ഇഷ്ടം. പുതിയ വാഗ്ദാനവുമായി പെട്രൊളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനം വഴി പെട്രൊളും ഡീസലും വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ ഗംഭീര വാഗ്ദാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയായിരിക്കും ഇതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
വാഗ്ദാനം മാത്രമല്ല, പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിക്കാനുള്ള കാരണവും പ്രധാന്‍ നിരത്തുന്നുണ്ട്. വില കുറഞ്ഞുതുടങ്ങിയതായും അമേരിക്കയിലെ ഇര്‍മ, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റുകളാണ് വിലയിലെ അസ്ഥിരതയ്ക്ക് കാരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
പെട്രൊളിയം ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു.