ലാഹോര്‍: രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന പാകിസ്ഥാനിലെ സെഷന്‍ 124എ വകുപ്പ് റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. ജസ്റ്റിസ് ഷാഹിദ് കരീമിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് 124 എ പാകിസ്ഥാന്റെ ഭരണഘടനയ്‌ക്കെതിരാണെന്നും ഈ വകുപ്പിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആര്‍ട്ടിക്കിള്‍ 19 ലംഘിക്കപ്പെടുന്നുവെന്നും നിരീക്ഷിച്ചതായി ഡെയ്‌ലി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റ നിയമത്തെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന നിരവധി പേരുടെ ഹരജിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു കോടതി.
1860ലെ ബ്രിട്ടീഷ് കൊളോണിയല്‍ നിയമം പ്രകാരമുള്ള രാജ്യദ്രോഹ കുറ്റം തന്നെയാണ് പാകിസ്ഥാനില്‍ ഇപ്പോഴും ഉള്ളത്.
‘വാക്കുകള്‍ കൊണ്ടോ, എഴുത്തുകൊണ്ടോ, സംസാരം കൊണ്ടോ, അടയാളങ്ങള്‍ കൊണ്ടോ വിദ്വേഷം കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോ അല്ലെങ്കില്‍ നിയമപ്രകാരം സ്ഥാപിതമായ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിനെ അവഹേളിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും പിഴയും അനുഭവിക്കേണ്ടി വരും,’ എന്നാണ് വകുപ്പിലുള്ളത്.
എന്നാല്‍ നിയമം 150 വര്‍ഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതും ഭരണഘടനാവിരുദ്ധവുമാണെന്ന് ഒരു ഹരജിക്കാരന്റെ അഭിഭാഷകനായ അബൂസര്‍ സല്‍മാന്‍ നിസാരി വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറയോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ വ്യാപകമായി ഈ നിയമങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹുജന റാലികളടക്കം നടത്തിയ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യദ്രോഹക്കുറ്റം അടക്കം 100ഓളം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഒക്ടോബറില്‍ കെനിയയില്‍ വെച്ച് കൊല്ലപ്പെട്ട പാക് ജേര്‍ണലിസ്റ്റ് അര്‍ഷാദ് ശരീഫും ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഭരണഘടനാ അവകാശങ്ങള്‍ ഭയമില്ലാതെ അനുഭവിക്കാന്‍ വിധികൊണ്ട് സാധിക്കുമെന്ന് ആക്ടിവിസ്റ്റ് ഉസാമ ഖില്‍ജി അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നുള്ള വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുന്നതിന് ഈ നിയമം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഇമാന്‍ സൈനബ് മസാരി-ഹാസിര്‍ പീനല്‍ കോഡിലെ കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനോ ഭേദഗതി ചെയ്യാനും പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.