പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി
India
പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2017, 5:21 pm

ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി. പദ്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും സിനിമ തടയണോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണോയെന്നത് സെന്‍സര്‍ ബോര്‍ഡിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡിന്റെ ചുമതലയില്‍ കൈകടത്തുന്നില്ലെന്നും തീരുമാനം വരും മുമ്പ് വിധി പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രം റാണി പദ്മാവതിയെ അപമാനിക്കുന്നതാണെന്നും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുന്നതിന് മുമ്പ് ഗാനങ്ങള്‍ ഉള്‍പ്പടെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും  അഭിഭാഷകനായ എം.എല്‍ ശര്‍മ്മ പറഞ്ഞു.

രജപുത്ര രാജ്ഞിയായ റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമ ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം.

അതിനിടെ സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുകോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് രംഗത്ത് എത്തിയിരുന്നു.

ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് വിവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

ദീപികയുടെയും ബന്‍സാലിയുടെയും തല കൊയ്താല്‍ 10 കോടി രൂപ നല്‍കാമെന്നും അവര്‍ ഇരുവരുടെയും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സൂരജ് പാല്‍ അമു പറഞ്ഞു. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് അഞ്ചു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ക്ഷത്രിയ സഭ അംഗത്തിനെ അഭിനന്ദിക്കുകയും ചെയ്തു. നായകന്‍ രണ്‍വീര്‍ സിംഗിനെതിരെയും സൂരജ് പാല്‍ അമു ഭീഷണി മുഴക്കി. രണ്‍വീറിന്റെ 200 ശതമാനവും സിനിമക്കൊപ്പം ഉറച്ച നില്‍ക്കുമെന്ന പ്രസ്താവന പിന്‍ വലിച്ചില്ലെങ്കില്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.

ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിരുന്നു. സര്‍ഗാത്മകതയുടെ പേരില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിക്കുകയാണ് ചിത്രമെന്നും കര്‍ണി സേനയുടെയും രജപുത്ര വംശജരുടെയും അതേ കാഴ്ചപ്പാടോടുകൂടിയാണ് താനും ഈ വിഷയത്തെ കാണുന്നതെന്നുമാണ് ഗഡ്കരി പറഞ്ഞിരുന്നത്.