ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹരജികള്‍ ഉടന്‍ പരിഗണിക്കും: സുപ്രീം കോടതി
national news
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹരജികള്‍ ഉടന്‍ പരിഗണിക്കും: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 8:48 am

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹരജികള്‍ ഉടനെ പരിഗണിക്കുമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.

ഒരു ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്റെ വാദത്തിനിടയിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

കഴിഞ്ഞ ഡിസംബറിലും ഇതേ ആവശ്യമുന്നയിച്ച് എഴുത്തുകാരനും അധ്യാപകനുമായ രാധാ കുമാര്‍ കെട്ടിക്കിടക്കുന്ന ഹരജികളില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ടിരുന്നു. എന്നാല്‍ ഹരജികള്‍ പരിശോധിച്ച് തിയ്യതി നല്‍കാമെന്നാണ് അന്ന് കോടതി അറിയിച്ചത്.

ഒക്‌ടോബറിന് മുന്നേ ഹരജികള്‍ പരിഗണിക്കുമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ തീരുമാനിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് എന്‍.വി. രമണയും ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയും വിരമിച്ചത് കൊണ്ട് കെട്ടിക്കിടക്കുന്ന ഹരജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ചംഗ ബെഞ്ച് പുനസംഘടിപ്പിക്കേണ്ടി വരും.

2019 ആഗസ്‌ററ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് നിരവധി ഹരജികളാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഹരജികള്‍ രണ്ട് വര്‍ഷത്തിലധികമായി കോടതിയില്‍ കെട്ടിക്കിടക്കുന്നു. ഹരജികള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് കൈമാറിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോട് കൂടി ജമ്മു കശ്മീര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറി. ജനങ്ങളുടെ സമ്മതമില്ലാതെ എടുത്ത തീരുമാനത്തില്‍ രാജ്യമൊട്ടാകെയുള്ള പ്രതിഷേധമാണ് ഉണ്ടായത്.

 

content highlight : Petitions against abrogation of Article 370 to be heard soon: Supreme Court