| Tuesday, 12th June 2018, 10:36 am

വിവരാവകാശരേഖയ്ക്ക് മറുപടി തന്നില്ല; പരാതിക്കാരന്‍ എന്‍ജീനിയറെ ഓടിച്ചിട്ട് തല്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച കാര്യത്തിന് കൃത്യമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എന്‍ജീനിയറെ ഓടിച്ചിട്ട് തല്ലി. കെട്ടിടവാടക നിശ്ചയിച്ചുകിട്ടാന്‍ നല്‍കിയ വിവരാവകാശ രേഖയില്‍ മറുപടി നല്‍കാന്‍ വൈകിയതിനാണ് പരാതിക്കാരന്‍ മര്‍ദ്ദിച്ചത്.

ഓഫീസിന്റെ മതില്‍ ചാടിയാണ് മര്‍ദ്ദനത്തില്‍ നിന്ന് എന്‍ജീനിയര്‍ രക്ഷപ്പെട്ടത്. തിരൂരിലെ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ വിശ്രമ മന്ദിരത്തിനടുത്തായിരുന്നു സംഭവം.

തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജീനിയറായ ചന്ദ്രാംഗദനു നേരേ ആക്രമണവുമായെത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


ALSO READ: ‘കപ്പ് ബ്രസീലിന് തന്നെ; അര്‍ജന്റീനയെ നോക്കണ്ട’: ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം


രാമചന്ദ്രനെതിരെ ചന്ദ്രാംഗദന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കെട്ടിടത്തിന് വാടക നിശ്ചയിച്ചുനല്‍കാന്‍ താന്‍ റവന്യു വകുപ്പില്‍ നല്‍കിയ അപേക്ഷയുടെ കാര്യം അന്വേഷിച്ചെത്തിയതാണ് പരാതിക്കാരന്‍. ഇക്കാര്യത്തെക്കുറിച്ച് വിവരാവകാശനിയമപ്രകാരം ചന്ദ്രാംഗദന് അപേക്ഷ നല്‍കി.

ചന്ദ്രാംഗദന്‍ റവന്യുവകുപ്പില്‍പ്പോയി വിവരങ്ങള്‍ അന്വേഷിച്ചുവന്നു. അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എന്‍ജിനീയറുടെ ഓഫീസിലേക്ക് അയക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ക്ക് മാറിയെത്തുകയായിരുന്നുവെന്ന വിവരം ചന്ദ്രാംഗദന്‍ പരാതിക്കാരനെ ധരിപ്പിച്ചു.

പരാതി കൈകാര്യം ചെയ്യേണ്ട ഓഫീസ് മാറിയ ഈ വിവരം അറിയിക്കുന്നതിനിടെ പരാതിക്കാരന്‍ തന്നെ തല്ലുകയായിരുന്നെന്ന് ചന്ദ്രാംഗദന്‍ പറയുന്നു. സംഭവമറിഞ്ഞ് എസ്.ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി

We use cookies to give you the best possible experience. Learn more