ഷാഹി ഈദ്​ഗാഹ് കേസ്: കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയച്ച് ഹരജിക്കാർ
national news
ഷാഹി ഈദ്​ഗാഹ് കേസ്: കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയച്ച് ഹരജിക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 2:15 pm

മഥുര: ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയച്ച് ഹരജിക്കാർ.

ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിയ്ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാർ നോട്ടീസ് കൈമാറിയത്. ഗോവണിപ്പടിയിലൂടെയുള്ള സഞ്ചാരം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും ഹരിജക്കാർ ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സിവിൽ നടപടി ക്രമത്തിന്റെ (കോഡ് ഓഫ് സിവിൽ പ്രൊസീജർ) സെക്ഷൻ 80 പ്രകാരമാണ് ഹരജിക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. നിയമപ്രകാരം വിഷയത്തിൽ 60 ദിവസത്തിനുള്ളിൽ കക്ഷികൾ മറുപടി നൽകണം.

മഥുരയിലെ കേശവ്‌ദേവ് ക്ഷേത്രത്തിൽ നിന്നും 1670ൽ മുഗൾ ചക്രവർത്തി ഔറംഗസീബ് കയ്യടക്കിയ വിലകൂടിയ വിഗ്രഹങ്ങൾ ആഗ്രയിലെ ബീഗം സാഹിബ മസ്ജിദ് പള്ളിയുടെ ഗോവണിപ്പടിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ വാദം.

വി​ഗ്ര​ഹങ്ങൾ എത്രയും വേ​ഗം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ നിശ്ചിത സമയത്തിനുള്ളിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അത് ചെയ്യാത്തപക്ഷം ഇവരിൽ നിന്നും തുക ഈടാക്കണമെന്നും ഹരജിക്കാരനായ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്തു. നേരത്തെ സമാന സംഭവത്തിൽ സമർപ്പിച്ച ഹരജി പരി​ഗണിക്കാൻ മഥുര കോടതി വിസമ്മതിച്ചിരുന്നു.

മസ്ജിദ് മാറ്റുന്നതിനായി 2020-ൽ ശ്രീകൃഷ്ണ വിരാജ്മാൻ, ലഖ്നൗ നിവാസിയായ മനീഷ് യാദവ് എന്നിവരുടെ പേരിൽ ഫയൽ ചെയ്ത കേസിന്റെ ഭാഗമായി മസ്ജിദിന്റെ പരിസരത്ത് തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ വിവിധ അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കത്ര കേശവ്‌ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ ഭൂമിയുടെ ഭാഗത്താണ് മസ്ജിദ് നിർമിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. നേരത്തെ പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാർ കോടതിയെ സമീപിച്ചിരുന്നു.

Content Highlight: Petitioners sent notices to the Center and ASI on Shahi Idgah Case