കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി വീണ്ടും തള്ളി; ഹരജിക്കാരന് പിഴയും താക്കീതും, ഇനിയും വാദിച്ചാല്‍ പിഴ കൂട്ടുമെന്നും മുന്നറിയിപ്പ്
national news
കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി വീണ്ടും തള്ളി; ഹരജിക്കാരന് പിഴയും താക്കീതും, ഇനിയും വാദിച്ചാല്‍ പിഴ കൂട്ടുമെന്നും മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 3:46 pm

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി മൂന്നാം തവണയും ദല്‍ഹി ഹൈക്കോടതി തള്ളി. ഹരജിക്കാരനില്‍ നിന്ന് 50000 രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. ഈ കേസില്‍ ഇനിയും വാദമുന്നയിച്ചാല്‍ ഇനിയും പിഴയടക്കേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കുയും ചെയ്തു. ആംആദ്മി പാര്‍ട്ടി മുന്‍ എം.എല്‍.എയായിരുന്ന സന്ദീപ് കുമാറായിരുന്നു ഹരജിക്കാരന്‍.

ഹരജിക്കാരന് രൂക്ഷവിമര്‍ശനമാണ് കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും ഗവര്‍ണറാണെന്നും കോടതി പറഞ്ഞു. നേരത്തെ രണ്ട് തവണയും സമാനമായ ഹരജി ഇതേ കാരണം പറഞ്ഞ് കോടതി തള്ളിയിരുന്നു. എന്നിട്ടും ഇതേ ആവശ്യം ഉന്നയിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

സുപ്രീം കോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ലെന്നും ഗവര്‍ണറോ രാഷ്ട്രപതിയോ ആണ് അത് ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ രാഷ്ട്രീയ പ്രസംഗം വേണ്ടെന്നും അത് റോഡരികില്‍ മാറിനിന്ന് ചെയ്താല്‍ മതിയെന്നും കോടതി ഹരജിക്കാരനോട് പറഞ്ഞു. ഹരജിക്കാരന് ഭീമമായ പിഴ ചുമത്തുകയാണ് വേണ്ടതെന്നും ഇതേ കാര്യത്തില്‍ ഇനിയും വാദമുന്നയിച്ചാല്‍ പിഴത്തുക ഉയര്‍ത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

മൂന്നാം തവണയാണ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി ദല്‍ഹി ഹൈക്കോടതി തള്ളുന്നത്.

അതേസമയം ദല്‍ഹി മദ്യനയ അഴിമതിക്കേസിലെ ഇ.ഡിയുടെ അറസ്റ്റിനെതിരായ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇക്കാര്യത്തില്‍ അടിയന്തിരവാദം കേള്‍ക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

content highlights: Petition to remove Kejriwal as Chief Minister rejected again; The petitioner will be fined and warned, and the fine will be increased if he continues to plead