ന്യൂദല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി. വിവാഹപ്രായം നിര്‍ണയിക്കുന്നത് പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് പറഞ്ഞാണ് ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജി തള്ളിയത്.
സ്ത്രീകളുടെ വിവാഹപ്രായവും പുരുഷന്മാരുടെ വിവാഹപ്രായവും 21 ആക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിക്ക് മുമ്പാകെ ഹരജി നല്‍കിയത്.
എന്നാല്‍ തിങ്കളാഴ്ച ഹരജി പരിശോധിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതും നിയമനിര്‍മാണം നടത്തേണ്ടതും പാര്‍ലമെന്റാണെന്നും ഈ കാര്യത്തില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും ഏകീകൃത വിവാഹ പ്രായമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അശ്വിനി കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ലോ കമ്മീഷനെ അടക്കം ഹരജിക്കാരന് സമീപിക്കാമെന്നും അതില്‍ നിന്ന് ആരെയും തടയുന്നില്ലെന്നും പറഞ്ഞ കോടതി ഹരജി തള്ളുകയായിരുന്നു.
സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹപ്രായം 21ഉം ആയിരിക്കെ 2018ല്‍ കേന്ദ്രം രണ്ട് പേരുടെയും വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തി ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്ന് വന്നത്.
ഇത് സ്ത്രീ ശാക്തീകരണമാണെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാന്‍ രണ്ട് വര്‍ഷം സാവകാശമുണ്ടാകുമെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.
content highlight: Petition to raise marriageable age to 21 dismissed; The Supreme Court said that this is not a matter under Parliament and cannot be interfered with