കീവ്: ഗ്രൗണ്ടിലെ പരുക്കന്‍ അടവുകള്‍ക്ക് പേരുകേട്ടയാളാണ് റയല്‍ മാഡ്രിഡ് പ്രതിരോധ താരം സെര്‍ജിയോ റാമോസ്. ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായെ ഫൗള്‍ ചെയ്ത റാമോസിന്റെ പ്രകടനം ഫുട്‌ബോള്‍ ആരാധകരെ ചെറുതായല്ല മുറിവേല്‍പ്പിച്ചത്. 29-ാം മിനിറ്റില്‍ റാമോസുമായുള്ള ചലഞ്ചില്‍ തോളിന് പരിക്കേറ്റ സലാ കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റിന് ശേഷം വേദന സഹിക്കാനാകാതെ കണ്ണീരോടെ സലാ ഗ്രൗണ്ട് വിട്ടു. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നത്തില്‍ കരിനിഴല്‍ വീഴ്ത്തിയായിരുന്നു ആ മടക്കം.
മത്സര ശേഷം ട്വിറ്ററിലൂടെ സെര്‍ജിയോ റാമോസ് സലായോട് മാപ്പ് പറഞ്ഞിരുന്നെങ്കിലും സാലയുടെ ജന്മനാടായ ഈജിപ്തില്‍ നിന്ന് റാമോസിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പുറത്തു വന്നത്.
ഇപ്പോള്‍ റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നരലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചേയ്ഞ്ച് ഓര്ഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഫിഫയോടും യുവേഫയോടും സെര്‍ജിയോ റാമോസിനെതിരെ നടപടി ആവശ്യപെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സെര്‍ജിയോ റാമോസ് മനഃപൂര്‍വം സലായെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.
ഷോള്‍ഡറിന് പരിക്കേറ്റ സാലക്ക് ലോകകപ്പ് അടക്കം നഷ്ടമാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരം ഈജിപ്തിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് ഈജിപ്ത് പരിശീലകന്‍ അറിയിച്ചിരുന്നു. മത്സരത്തില്‍ ആദ്യ പകുതിയില്‍ സാലയെ നഷ്ട്ടമായ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനോട് തോറ്റത്.