| Wednesday, 3rd December 2014, 12:02 pm

നാദാപുരം പീഡനം: ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം, ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഐ.എ.എല്‍ സംസ്ഥാന വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി. വസന്തമാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണം വേണമെന്നാണ് പ്രധാന ആവശ്യം. പീഡനവിവരം മറച്ചുവെച്ചെന്ന ഗുരുതരമായ തെറ്റാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

സംഭവം നടന്ന് ഒമ്പത് ദിവസത്തിനുശേഷം പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞപ്പോഴാണ് പീഡനവിവരം അറിഞ്ഞതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. എന്നാല്‍ പീഡനം നടന്ന ദിവസം വിദ്യാര്‍ത്ഥിനി അസ്വാഭാവികമായി പെരുമാറിയെന്നും കരഞ്ഞെന്നും ക്ലാസ് ടീച്ചര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനം നടന്ന തരത്തില്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും അസ്വാഭാവികമായ യാതൊരു പെരുമാറ്റവും ഉണ്ടായില്ലെന്ന സിറാജുല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. പീഡനവിവരം മറച്ചുവെച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെ ന്യായീകരിച്ചും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിഹസിച്ചുമുള്ള പേരോടിന്റെ പ്രസംഗം ഡൂള്‍ ന്യൂസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പേരോടിനെതിരെ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികളോട് വിശദീകരണം തേടി. 2012ലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ അടങ്ങുന്ന പ്രത്യേക പരിശീലനം നേടിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പി. വസന്തം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍, പോലീസ് മേധാവികള്‍ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നിവേദനം നല്‍കി.

നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതിനുള്ള അതൃപ്തിയും സംഘം അധികൃതരെ അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ക്കൊപ്പം ഇ.കെ വിജയന്‍ എം.എല്‍.എയും ഉണ്ടായിരുന്നു.

കേസന്വേഷണത്തിന്റെ നിരീക്ഷണത്തിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ക്രൈംബ്രാഞ്ചിന്റെ എസ്.പി.റാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുമെന്നും മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ സി.ഐ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. ഇവരുടെ അന്വേഷണത്തില്‍ സര്‍വകക്ഷി സമിതിയും പെണ്‍കുട്ടിയുടെ ബന്ധുക്കളും പൂര്‍ണതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

മതപണ്ഡിതന്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫിക്കെതിരെയുള്ള കേസും ക്രൈംബാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളുടെ തലവന്‍കൂടിയായ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് രണ്ട് കേസും െ്രെകംബാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്.

We use cookies to give you the best possible experience. Learn more