യു.കെയിലെ ഇസ്രഈല്‍ അംബാസഡറെ പുറത്താക്കണമെന്ന ഹരജിയില്‍ ഒപ്പുവെച്ചത് 24,000 പേര്‍
World
യു.കെയിലെ ഇസ്രഈല്‍ അംബാസഡറെ പുറത്താക്കണമെന്ന ഹരജിയില്‍ ഒപ്പുവെച്ചത് 24,000 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th December 2023, 12:24 pm

ലണ്ടന്‍: യു.കെയിലെ ഇസ്രഈല്‍ അംബാസഡര്‍ സിപി ഹോട്ട്‌വെലെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പുവെച്ചത് 24,000-ലധികം പേര്‍.

ചേഞ്ച് ഡോട്ട് ഓര്‍ഗ് വഴി നടത്തിയ സര്‍വേയിലാണ് 24000ത്തോളം പേര്‍ ഇസ്രഈല്‍ അംബാസിഡറെ യു.കെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.

10,000-ത്തിലധികം ഒപ്പുകള്‍ നേടിയ ഈ നിവേദനം യു.കെ പാര്‍ലമെന്റിന് മുന്‍പാകെ സമര്‍പ്പിക്കും. ‘ഇത്തരം നടപടികള്‍ നമ്മുടെ സമൂഹത്തില്‍ ഭിന്നിപ്പും തീവ്രവാദവും വളര്‍ത്തിയേക്കാം’ എന്നായിരുന്നു തനിക്കെതിരായ നീക്കത്തെ കുറിച്ചുള്ള അംബാസിഡറുടെ പ്രതികരണം.

ഇസ്രഈല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം അടുത്തിടെ അംബാസിഡര്‍ നിരസിച്ചിരുന്നു. ഫലസ്തീന്‍ രാഷ്ട്രം എന്നത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്.

‘കടലിനും ജോര്‍ദാനും ഇടയില്‍ ഒരു രാജ്യത്തിന്, ഒരു ജൂത രാഷ്ട്രത്തിന് മാത്രമേ ഇടമുള്ളൂ എന്നായിരുന്നു യു.കെയിലെ ഇസ്രഈല്‍ അംബാസിഡറുടെ വാദം.

ഇസ്രഈലിന് അടുത്തായി ഒരു രാഷ്ട്രം വേണമെന്ന് ഫലസ്തീനികള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നും ഒസ്‌ലോ ഉടമ്പടി തന്നെ പരാജയപ്പെടാന്‍ കാരണം അതാണെന്നുമായിരുന്നു ഇസ്രഈല്‍ അംബാസഡറുടെ വാദം. നദി മുതല്‍ കടല്‍ വരെയുള്ള ഒരു രാജ്യമാണ് ഫലസ്തീനികള്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കാത്തതെന്ന ചോദ്യത്തിന് ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിന് മേല്‍ തകര്‍ക്കിക്കേണ്ടതില്ലെന്നും അത്തരത്തിലൊരു പരിഹാരം ഒരിക്കലും സാധ്യമാകില്ലെന്നുമായിരുന്നു ഹോട്ട്‌വെലെ പറഞ്ഞത്.

ഫലസ്തീനികളെ ഭരിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പക്ഷേ ഗസ മറ്റൊരു ഭീകര കേന്ദ്രമായി മാറില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നും ഹോട്ട്‌വെലെ പറഞ്ഞു.

”ഞങ്ങള്‍ ഗസയെ സൈനികവല്‍ക്കരിക്കും. ഞങ്ങളുടെ സഖ്യകക്ഷികളുമായും മിതവാദികളായ അറബ് രാജ്യങ്ങളുമായും ചേര്‍ന്ന് നമുക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” എന്നായിരുന്നു ഹോട്ടോവെലെ അവകാശപ്പെട്ടത്.

എന്നാല്‍ അംബാസിഡറുടെ വാദം നിരാശാജനകമാണെന്ന് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയും മുന്‍ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചിരുന്നു.

പ്രത്യേക പലസ്തീന്‍ രാഷ്ട്രം ‘ഇപ്പോഴും സാധ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല ഫലസ്തീനികള്‍ക്ക് പൂര്‍ണമായ സുരക്ഷയും സംരക്ഷണവും സ്ഥിരതയും ലഭിക്കാത്തിടത്തോളം കാലം ഇസ്രഈലും സുരക്ഷിതമായിരിക്കില്ലെന്നും കാമറൂണ്‍ പറഞ്ഞിരുന്നു

Content Highlight: Petition to expel Israel’s ambassador to UK passes 24,000 signatures