| Tuesday, 26th November 2024, 9:14 pm

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ഹരജി; കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ചുള്ള ഹരജിയില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി. കേസ് ഡിസംബര്‍ 19ന് പരിഗണിക്കുമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

വി.എസ്.എസ് ശര്‍മ നടത്തിയ അന്വേഷണത്തില്‍ യു.കെ സര്‍ക്കാരില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിവരം ലഭിച്ചെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുബ്രഹ്‌മണ്യന്‍ സ്വാമി 2015 ല്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം അന്ന് രാഹുല്‍ ഗാന്ധി തള്ളുകയായിരുന്നു.

തന്റെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ശ്രമിക്കുന്നു എന്നായിരുന്നു എത്തിക്സ് കമ്മിറ്റിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.

പിന്നാലെ 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് ശേഷവും രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

Content Highlight: Petition that Rahul Gandhi has dual citizenship; Allahabad High Court seeks Central Government’s response

We use cookies to give you the best possible experience. Learn more