| Monday, 5th February 2024, 10:49 pm

അടഞ്ഞുകിടക്കുന്ന ഗ്യാന്‍വാപി മസ്ജിദിലെ നിലവറകളെല്ലാം അളന്ന് തിട്ടപ്പെടുത്തണം: ഹരജിയുമായി സനാതന്‍ സംഘ് സ്ഥാപകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ അടഞ്ഞുകിടക്കുന്ന മറ്റു എല്ലാ ബേസ്മെന്റുകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി.

ചൊവ്വാഴ്ച വാരാണസി ജില്ലാ കോടതി ഹര്‍ജി പരിഗണിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് വാരണാസി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്.

സനാതന്‍ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിങ് വിശ്വ വേദയാണ് വാരാണസി ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഗ്യാന്‍വാപി മസ്ജിദില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളും എ.എസ്.ഐയെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടതായി വിശ്വ വേദയുടെ അഭിഭാഷകന്‍ അനുപം ദ്വിവേദി പറഞ്ഞു. അടഞ്ഞുകിടക്കുന്ന നിലവറകളുടെ രൂപരേഖയും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു.

അടഞ്ഞുകിടക്കുന്ന ബേസ്മെന്റുകള്‍ക്കുള്ളില്‍ രഹസ്യ നിലവറകള്‍ ഉണ്ടെന്നും ഗ്യാന്‍വാപി മസ്ജിദിന് പിന്നിലുള്ള മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിന് പള്ളിക്കുള്ളില്‍ സര്‍വേ നടത്തേണ്ടതുണ്ടെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം ഗ്യാന്‍വാപി മസ്ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് വാരണാസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ അര്‍ധരാത്രിയില്‍ നിലവറയില്‍ വിഗ്രഹം സ്ഥാപിച്ചത് പള്ളിയുടെ ഗ്രില്ലുകള്‍ തകര്‍ത്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മസ്ജിദിന്റെ അടിഭാഗത്തുള്ള നിലവറക്കകത്ത് അര്‍ധരാത്രി 12 മണിയോടെയാണ് ജില്ലാ മജിസ്‌ട്രേറ്റും കമ്മീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേര്‍ന്ന് വിഗ്രഹം കൊണ്ടു വച്ചത് എന്ന് അന്‍ജുമാന്‍ മസ്ജിദ് ഇന്‍തിസാമിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് അഹ്‌മദ് യാസീന്‍ മാധ്യമം ദിന പത്രത്തോട് പറഞ്ഞു.

1993ല്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിയുടെ സുരക്ഷിതത്വത്തിനായി ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചത്. ഗ്രില്ലുകള്‍ തകര്‍ക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി നിലവില്‍ തള്ളിയിരിക്കുകയാണ്.

Content Highlight: Petition that all the vaults of Gyanvapi Masjid, which is closed, should be measured

We use cookies to give you the best possible experience. Learn more