ഏകീകൃത സിവില്‍ കോഡ് അല്ല, എല്ലാ മതങ്ങളിലെയും, ഇതര സെക്കുലര്‍ നിയമങ്ങളിലെയും ലിംഗവിവേചനങ്ങള്‍ അവസാനിപ്പിച്ച് നീതിയും തുല്യതയും ഉറപ്പുവരുത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഫോറം ഫോര്‍ മുസ്‌ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ലോ കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു .
2018 ആഗസ്റ്റ് മാസത്തില്‍, 2 വര്‍ഷം നീണ്ട അഭിപ്രായ സമാഹരണത്തിനും വിശകലനങ്ങള്‍ക്കും ശേഷം ഇരുപത്തിയൊന്നാം നിയമ കമ്മീഷന്‍ വ്യക്തി നിയമങ്ങള്‍ (Personal laws) പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് 185 പേജുള്ള ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ വീണ്ടും ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള നീക്കം 22ാം ലോ കമ്മീഷനെ മുന്‍നിര്‍ത്തി ആരംഭിച്ചിരിക്കുകയാണ്.
വിവാഹം, സംരക്ഷണ അവകാശം, ജീവനാംശം, പിന്തുടര്‍ച്ചാകാശം എന്നിവ സംബന്ധിച്ച് എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കാരങ്ങള്‍ വേണമെന്ന് ഇരുപത്തിയൊന്നാം ലോ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശകളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
സ്ത്രീകളുടെയും ഇതര ലിംഗ വിഭാഗങ്ങളുടെയും സ്വത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനാമൂല്യങ്ങളായ നീതി, തുല്യത എന്നിവയില്‍ അധിഷ്ഠിതമായി എല്ലാ മതങ്ങളിലെയും വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണത്തെ പൂര്‍ണമായും പിന്തുണയ്ക്കുമ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് രാജ്യത്ത് മതങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാക്കി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഞങ്ങള്‍ അപലപിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഭോപ്പാലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇസ്‌ലാം മതത്തിലെ വ്യക്തി നിയമങ്ങള്‍ സ്ത്രീവിരുദ്ധമാണ് എന്നും അത് പരിഹരിക്കാനാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നും മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണമാണ് തന്റെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നതെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഏകീകൃത സിവില്‍ കോഡ് ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അവകാശങ്ങളുടെ ലംഘനമാകും എന്ന് വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തുമെന്നും ക്രിസ്ത്യന്‍ മതവിശ്വാസികളായവരെ ഉള്‍പ്പെടെ ഏകീകൃതസിവില്‍ കോഡില്‍ നിന്നും ഒഴിവാക്കും എന്നും ബി.ജെ.പി നേതാക്കള്‍ പ്രസ്താവിക്കുകയുണ്ടായി.
സിഖ് മതവിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ അവരുടെയും ആശങ്കകള്‍ പരിഹരിക്കും എന്നുള്ള നിലയിലാണ് പ്രസ്താവനകള്‍ വന്നത്. ഇതിനര്‍ത്ഥം മുസ്‌ലിങ്ങളെ അപരവല്‍ക്കരിച്ച് ഹിന്ദുത്വ അജണ്ടയെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ ഏകീകൃത സിവില്‍ നിയമ വിവാദം സൃഷ്ടിക്കുന്നത് എന്നാണ്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് പിന്മാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഏകീകൃത സിവില്‍കോഡിന്റെ വര്‍ഗീയമായ അവതരണം ലിംഗനീതിയെ കുറിച്ച് ഉയര്‍ന്നുവരുന്ന അടിയന്തരമായ പ്രശ്‌നങ്ങളുടെ പരിഹാരത്തെ ദോഷകരമായി ബാധിക്കും. എല്ലാ സമുദായങ്ങളിലും മതവിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ക്ക് സാര്‍വത്രികമായി ബാധകമാവും വിധത്തില്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമവും ഗര്‍ഭഛിദ്ര നിയമവും ബാലവിവാഹ നിരോധന നിയമവും സ്‌പെഷ്യല്‍ മേരേജ് ആക്ടും കൊണ്ടുവന്നത് സ്ത്രീ സമൂഹത്തിന് ഏറെ സഹായകരമായിരുന്നു.
വ്യക്തിനിയമങ്ങളിലായാലും മതേതര നിയമങ്ങളില്‍ ആയാലും പക്ഷപാതപരമായ അംശങ്ങള്‍ നീക്കം ചെയ്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതാണ്. വിവാഹമോചനം, കുട്ടികളെ ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം എന്നീ വിഷയങ്ങളില്‍ സ്ത്രീക്കും പുരുഷനും ഇതര ലിംഗ വിഭാഗങ്ങള്‍ക്കും തുല്യ അധികാരങ്ങള്‍ ഉണ്ടാവുക എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടത്. സാര്‍വത്രികമായി ബാധകമായ വിധത്തില്‍ നിലവിലുള്ള എല്ലാ നിയമങ്ങളിലും സവിശേഷമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശ പ്രശ്‌നങ്ങളില്‍ പ്രധാനമായി ശ്രദ്ധ വെച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ 1937 ലെ ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യണമെന്ന ആവശ്യം ഞങ്ങള്‍ നേരത്തെ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ഈ ദിശയില്‍ നടപ്പിലാക്കേണ്ടുന്ന പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഞങ്ങള്‍ ഇക്കഴിഞ്ഞ ജൂലൈ 10ന് ലോ കമ്മീഷനു സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
അവ താഴെ പറയുന്നവയാണ്
1. വിവാഹ നിയമങ്ങള്‍.
എ. വിവാഹത്തിനുള്ള മിനിമം വയസ്സ് ഇണകള്‍ക്ക് തുല്യമാക്കണം
ബി. എല്ലാ വിവാഹങ്ങളും ഇണകള്‍ക്ക് തുല്യാവകാശം ഉറപ്പുവരും വിധം രജിസ്റ്റര്‍ ചെയ്യണം.
സി. സ്ത്രീധനത്തിന്റെ എല്ലാ രൂപങ്ങളും നിയമവിരുദ്ധമാക്കണം.
ഡി. വിവാഹ മോചനം പരസ്പര സമ്മതത്തോടെയാണ് ഉചിതം. എങ്കിലും ഏകപക്ഷീയമായി പുരുഷനോ സ്ത്രീക്കോ വിവാഹമോചനത്തിനവകാശമുണ്ടാകണം. അതിനുള്ള നടപടിക്രമങ്ങളില്‍ ലിംഗവിവേചനം പാടില്ല.
ഇ. സ്ഥിരം വരുമാനമില്ലാത്ത സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്. അത് ഒറ്റത്തവണയായോ, സ്ത്രീ പുനര്‍വിവാഹം ചെയ്യുന്നതു വരെയുള്ള ജീവിതച്ചെലവായി പ്രതിമാസമായോ ന്യായമായ തുക (കോടതി വിധിക്കുന്നത്) കൊടുക്കണം.
എഫ്. ജോലിയുള്ളവരാണ് രണ്ടു പേരുമെങ്കില്‍ പിരിയുമ്പോള്‍ അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ പൊതുവായി കണക്കാക്കി തുല്യമായി വീതിക്കണം.
ജി. മുസ്‌ലിം ദമ്പതികള്‍ ബന്ധം വേര്‍പിരിഞ്ഞ ശേഷം വീണ്ടും ഒന്നിക്കണമെങ്കില്‍ മറ്റൊരാളുമായി ഒറ്റ ദിവസത്തെ ആചാരവിവാഹം ചെയ്യണമെന്നത് നിയമവിരുദ്ധമാക്കണം.
2. കുട്ടികളുടെ രക്ഷാകര്‍തൃത്വം.
എ. ലിംഗവിവേചനം പാടില്ല. Custodian തന്നെയായിരിക്കണം Guardian. ഒരു പാരന്റ് മരിച്ചു പോയാല്‍ മറ്റേ പാരന്റ് ആയിരിക്കും ഗാര്‍ഡിയന്‍.
ബി. വിവാഹമോചിതര്‍ ആണെങ്കില്‍ (മാതാവ് വരുമാനമുള്ളയാളാണെങ്കില്‍) കുട്ടികളുടെ സാമ്പത്തിക ഉത്തരവാദിത്തം രണ്ടു പേര്‍ക്കും തുല്യം. പക്ഷേ, Guardian (Custodian) ആരാണോ അയാള്‍ക്ക് കുട്ടിയുടെ വിദ്യാഭ്യാസ, വിവാഹ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുന്‍ഗണന.
സി. Guardian ആരാവണമെന്നതില്‍ കുട്ടിയുടെ താത്പ്പര്യവും സുരക്ഷിതത്വവും കൂടി കോടതിക്ക് പരിഗണിക്കാം.
3. ദത്തെടുക്കല്‍.
എല്ലാ മതക്കാര്‍ക്കുമെന്ന പോലെ ഇസ്‌ലാം മതവിശ്വാസികള്‍ക്കും ദത്തെടുക്കാന്‍ അനുമതിയുണ്ടാവണം. ദത്തെടുത്ത കുഞ്ഞിന് സ്വന്തം കുട്ടിയുടേതു പോലെ ഓഹരിക്ക് അര്‍ഹത നല്കണം.
4 .പിന്തുടര്‍ച്ചാവകാശങ്ങള്‍.
ലിംഗനീതിപരമായും മാനവികമായും നിലവില്‍ പ്രാക്ടീസ് ചെയ്യപ്പെടുന്ന എല്ലാ നിയമങ്ങളെയും പരിഷ്‌കരിക്കണം. പ്രധാനപ്പെട്ട 4 എണ്ണം പ്രതിപാദിക്കുന്നു. അവ നിയമമാക്കിയാല്‍ത്തന്നെ മറ്റുള്ളവ അപ്രസക്തമാകുന്നുമുണ്ട്.
എ. കുടുംബമുള്ള ഒരു വൃക്തി അവശേഷിപ്പിച്ച (മരണശേഷം) സ്വത്ത് പങ്കാളി, മക്കള്‍, മാതാപിതാക്കളുണ്ടെങ്കില്‍ അവര്‍ എന്നിവര്‍ക്ക് തുല്യമായി വീതിക്കുക. ഇത് മരിച്ച ആള്‍ മാതാപിതാക്കളുടെ ഒറ്റ മകന്‍ / മകള്‍ ആണെങ്കില്‍ മാത്രം ബാധകമായതാണ്. സഹോദരര്‍ ഉണ്ടെങ്കില്‍ അനുസൃതമായി ഫ്രാക്ഷന്‍ കുറയ്ക്കാം. ബാക്കി വരുന്നത് മറ്റു അവകാശികള്‍ക്ക് തുല്യമായി ഭാഗിച്ചെടുക്കുകയും ചെയ്യാം.
ബി. മരിച്ചു പോയ മകന്റെയോ മകളുടെയോ കുട്ടികള്‍ക്ക് (പേരക്കുട്ടികള്‍ക്ക്) ആ മകന്‍ / മകള്‍ ജീവിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്ന ഓഹരി പൂര്‍ണമായും കൊടുക്കുക.
സി. പെണ്‍കുട്ടികള്‍ മാത്രമാണ് എന്നതിന്റെ പേരില്‍ രക്ഷിതാവിന്റെ സ്വത്തില്‍ നേരത്തേ പറഞ്ഞ അടുത്ത ബന്ധുക്കളല്ലാത്തവര്‍ക്ക് ഒരവകാശവുമില്ല. ആണ്‍കുട്ടികളാണെങ്കില്‍ കിട്ടുമായിരുന്നത്ര തന്നെ ആ പെണ്‍കുട്ടികള്‍ക്ക് ലഭിക്കണം. ഇത് ട്രാന്‍സ് വൃക്തികള്‍ക്കും ബാധകം.
ഡി. മുതിര്‍ന്ന അവിവാഹിതരായ മകന്റെയോ മകളുടെയോ സ്വത്ത് അവര്‍ മരിച്ചു പോയാല്‍ മാതാപിതാക്കള്‍ക്ക് തുല്യമായി ലഭിക്കണം.
ഹിന്ദു – ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതങ്ങളുടെയും വൃക്തി നിയമങ്ങളെ ഇതുപോലെ ലിംഗനീതിപരമായി പരിഷ്‌കരിക്കുക. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 13ല്‍ പറയുന്ന laws in force in the territory of India എന്നതില്‍ എല്ലാ വൃക്തിനിയമങ്ങളും ഉള്‍പ്പെടുത്തുക.
ഏകീകൃത സിവില്‍ നിയമത്തിനെതിരെ കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ നിലപാട് എടുത്തിട്ടുണ്ട്. ഇസ്‌ലാമിക വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമിട്ട് ബി.ജെ.പി ഗവണ്‍മെന്റ് നടത്തുന്ന ഏകീകൃത സിവില്‍ കോഡ് നിര്‍മാണ നീക്കം മത സാമുദായിക വിഭാഗങ്ങളിലെ മുഴുവന്‍ മനുഷ്യരെയും ഏകോപിപ്പിച്ച് അണിനിരത്തി തടയുന്നതിനുള്ള എല്ലാ പരിശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണക്കുന്നു.
ലോകത്തെമ്പാടും മര്‍ദിതര്‍ക്കെതിരെ, പാര്‍ശ്വവത്കൃതരെ ചേര്‍ത്തു പിടിച്ച സംസ്‌കാരമുള്ള ഇടതുപക്ഷം അത്തരം ഉദ്യമങ്ങളിലേയ്ക്കിറങ്ങുമ്പോള്‍ കൂടുതല്‍ പാര്‍ശ്വത്തിലേയ്‌ക്കൊതുക്കപ്പെടാവുന്ന സ്ത്രീകളെപ്പറ്റി പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന് ഞങ്ങള്‍ക്ക് അഭിപ്രായമുണ്ട്.
ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ ഉണ്ടായ പരിഷ്‌കരണങ്ങള്‍ കണക്കിലെടുക്കാതെ വ്യക്തി നിയമങ്ങള്‍ ദൈവികമെന്നു വാദിച്ച് സമാന പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന മത നേതൃത്വങ്ങളെ മാത്രം പങ്കാളികളാക്കിക്കൊണ്ടുള്ള ഏകീകൃത സിവില്‍ കോഡ് വിരുദ്ധ സമരങ്ങള്‍ അനുചിതമാണ്. പ്രത്യേകിച്ച് ഏകീകൃത സിവില്‍ കോഡിന് ബദലായി വൃക്തിനിയമ പരിഷ്‌കരണാവശ്യത്തെ ഉയര്‍ത്തിപ്പിടിക്കാവുന്ന നിയമവിദഗ്‌ധോപദേശം കേന്ദ്രത്തിന്റെ മുന്നിലിരിക്കുമ്പോള്‍ .
സാമൂഹ്യ പരിഷ്‌കരണങ്ങള്‍ പലപ്പോഴും മത യാഥാസ്ഥികത്വത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നു കൊണ്ട് തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളത്. ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, അയിത്തവിരുദ്ധ സമരം, സതി നിരോധനം, ശൈശവ വിവാഹനിരോധനം, വസ്ത്രധാരണ സ്വാതന്ത്ര്യം, ആഭരണ സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങിയവയൊക്കെ ഈ രീതിയില്‍ മത യാഥാസ്ഥികവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നിയമ നിര്‍മാണങ്ങളിലൂടെ നേടിയെടുത്തതാണ്.
മത യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് നേരിട്ടു കൊണ്ടാണ് ഹിന്ദു കോഡ് ബില്ലും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവുമൊക്കെ രാജ്യത്ത് നടപ്പിലായത്.
സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ നീണ്ട പാരമ്പര്യമുള്ള കേരളം ഒരു രാഷ്ട്രീയ സമൂഹമായി മാറിക്കഴിഞ്ഞപ്പോള്‍ പരിഷ്‌കരണ പരിശ്രമങ്ങള്‍ വേണ്ട രീതിയില്‍ ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ എന്ന് അവര്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കണം.
ഇന്ത്യന്‍ മുസ്‌ലിം വ്യക്തി നിയമത്തില്‍ ലിംഗ നീതിപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്ന കരട് ബില്ല് നിയമവിദഗ്ധരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ തയ്യാറാക്കി വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ ഫോറം ഫോര്‍ മുസ്‌ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം, പുതിയ ഇന്ത്യ നവസ്ഥയില്‍ ഏക സിവില്‍ കോഡിനെപ്പറ്റിയും ബദല്‍ നിയമപരിഷ്‌കരണങ്ങളെപ്പറ്റിയും യുവാക്കള്‍ക്കും സ്ത്രീ-പുരുഷന്മാര്‍ക്കും അവബോധമുണ്ടാക്കും വിധം സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കണമെന്ന ഉദ്ദേശ്യവും ഫോറത്തിനുണ്ട്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ സാംസ്‌കാരിക വിഭാഗങ്ങളും സമാനമായി ഇക്കാരുത്തില്‍ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനുപേക്ഷണീയമാണെന്നും ഞങ്ങള്‍ കരുതുന്നു.
CONTENT HIGHLIGHT: Petition submitted by Forum for Muslim Women Gender before the Justice Law