ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി പ്രചരണം നടത്തിയെന്നും വോട്ട് തേടിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
അഭിഭാഷകന്‍ എസ്. ജോന്ദാലെയാണ് മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗമാണ് ഹരജിയില്‍ നിയമലംഘനമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആരാധനാലയങ്ങളുടെയും ഹിന്ദു-സിഖ് ദൈവങ്ങളുടെയും പേരില്‍ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വര്‍ഷത്തേക്ക് മോദിയെ അയോഗ്യനാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു. ഇതിനുപുറമെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപവും മോദി പ്രസംഗങ്ങളില്‍ ഉയര്‍ത്തുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഹെലികോപ്ടറുകളില്‍ സഞ്ചരിച്ചാണ് മോദി ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നതെന്നും ഹരജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടുമെന്നാണ് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേയുടെ വിലയിരുത്തല്‍. രാജസ്ഥാനിലും ഹരിയാനയിലും ഇത്തവണ വിജയം ആവര്‍ത്തിക്കാനാകില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 2019ല്‍ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയ രാജസ്ഥാനിലും ഹരിയാനയിലും ഇത്തവണ വിജയം എളുപ്പമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlight: Petition seeking disqualification of Narendra Modi from Lok Sabha elections