കൊച്ചി: ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരായി ഉയര്‍ന്ന ബാര്‍ കോഴ അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രമുഖ എഴുത്തുകാരിയും എ.എ.പി സംസ്ഥാന കണ്‍വീനറുമായ സാറാ ജോസഫാണ് ഹര്‍ജി നല്‍കിയത്.
ബുധനാഴ്ച ഉച്ചയോടുകൂടി സാറാ ജോസഫിന്റെ അഭിഭാഷകനാണ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. മാണിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ മന്ത്രിയും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ആള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് തൃപ്തികരമല്ല. സര്‍ക്കാരിന്റെ കീഴിലുള്ള വിഭാഗമാണ് വിജിലന്‍സ്. അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് ആവശ്യം. സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷിക്കണം. അതിന് സഹായകരമാകുന്ന ഇടപെടല്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സാറാ ജോസഫിന്റെ ഹര്‍ജി കോടതി സ്വീകരിച്ചാല്‍ സ്വാഭാവികമായും ഇതില്‍ ആദ്യം സര്‍ക്കാരിന്റെ വിശദീകരണമാണ് തേടുക. സര്‍ക്കാര്‍ വിശദീകരണം പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ.
ബാര്‍ തുറയ്ക്കുന്നതിനായി ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചയായിരുന്നു.