| Friday, 17th September 2021, 5:28 pm

മരയ്ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ഹരജി; നാലാഴ്ചയ്ക്കകം തീരുമാനമാക്കണമെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശിപ്പിക്കരുതെന്ന പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം.

കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വളച്ചൊടിക്കുന്നെന്ന് മരയ്ക്കാര്‍ കുടുംബത്തിലെ അംഗമായ മുഫീദ അറാഫത്ത് മരയ്ക്കാര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നതായും എന്നാല്‍ ഇതില്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ മറുപടിയെന്നും അതേസമയം ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായിട്ടാണ് സിനിമയുടെ ടീസറില്‍നിന്നു വ്യക്തമാവുന്നതെന്നും ഹരജിക്കാര്‍ പറഞ്ഞു.

സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കാനും ഇതു കാരണമാവും. വിദഗ്ധ സമിതി പരിശോധിച്ചതിനു ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ചരിത്രസിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ തലപ്പാവിലെ ഗണപതി വിഗ്രഹമായിരുന്നു പ്രധാന തര്‍ക്ക വിഷയം.

ഇസ്‌ലാം മതവിശ്വാസിയായ കുഞ്ഞാലി മരയ്ക്കാര്‍ തന്റെ തലപ്പാവില്‍ ഒരിക്കലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ചരിത്രരേഖകളിലെ കുഞ്ഞാലി മരയ്ക്കാരുടെ ഛായാചിത്രങ്ങള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തരമൊരു പരാതിയുമായി ഇവര്‍ രംഗത്തെത്തിയത്.

തുര്‍ക്കി തൊപ്പിയോടായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ തലപ്പാവിന് സാദൃശ്യം. എന്നാല്‍ ചിത്രത്തില്‍ അത് സിഖുകാരുടെ തലപ്പാവിന് സമാനമായ രൂപത്തിലായിരുന്നു. അടിസ്ഥാനപരമായ ഗവേഷണം പോലും നടത്താതെയാണ് സിനിമയുടെ തിരക്കഥയും ചിത്രീകരണവുമെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ നൂറുദ്ദീന്‍ പറഞ്ഞത്.

ചരിത്രത്തോട് നീതി പുലര്‍ത്താത്ത സിനിമ അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, ഒരു സമുദായത്തെയാകെ അപമാനിക്കുകയാണെന്നും മുഫീദ മരയ്ക്കാര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

petition not to screen Mohanlal movie Markkar Arabikkadalinte simham; The High Court directed the Center to take a decision within four weeks

We use cookies to give you the best possible experience. Learn more