ന്യൂദല്‍ഹി: ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കിയത്. എന്നാല്‍ സിനിമയെ വിദ്വേഷ പ്രസംഗത്തിന്റെ കേസിനൊപ്പം പരിഗണിക്കാനാകില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകണണെന്നും ഹരിജിക്കാരനോട് ജസ്റ്റിസ് കെ.എം. ജോസഫ് ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ നിസാം പാഷ എന്നയാളാണ് സുപ്രീം കോടതിയില്‍ സിനിമക്കെതിരെ ഹരജി നല്‍കിയത്. ചിത്രവുമായി ബന്ധപ്പെട്ട ഉള്ളടക്കം പരിശോധിക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സിനിമയുടെ ട്രെയിലറും ടീസറും പുറത്തുവന്നതോടെ വലിയ രീതിയില്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കാത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഇതുസംബന്ധിച്ച് വിശദമായ ഹരജി നല്‍കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളും കേരളത്തെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും കൊണ്ട് റിലീസിന് മുന്നെ വിവാദത്തിലായ ചിത്രത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും വിവാദങ്ങളില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
സിനിമ വര്‍ഗീയ ധ്രുവീകരണത്തിന് ലക്ഷ്യമിട്ടും കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണം നടത്തുന്നതിനുമായി നിര്‍മിച്ചതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘപരിവാര്‍ പ്രൊപ്പഗണ്ടകളെ ഏറ്റുപിടിക്കുന്ന ചിത്രം കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഗൂഢ തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ സമാനമായ പ്രതികരണമാണ് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും നടത്തിയത്.