പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കണം; ഹരജിയുമായി സുപ്രീംകോടതി അഭിഭാഷകന്‍
national news
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കണം; ഹരജിയുമായി സുപ്രീംകോടതി അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 11:19 am
Thursday, 25th May 2023, 4:49 pm

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. പരിപാടിയില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

സുപ്രീംകോടതി അഭിഭാഷകന്‍ സി.ആര്‍ സുഖിന്‍ ആണ് ഹരജി നല്‍കിയിരിക്കുന്നത്. രാഷ്ട്രപതിയെ ഉള്‍പ്പെടുത്താത്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്ന് ഹരജിയില്‍ പറയുന്നു.

‘ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സ്ഥാപനമാണ് പാര്‍ലമെന്റ്. പ്രസിഡന്റും ഇരു സഭകളും അടങ്ങുന്നതാണ് പാര്‍ലമെന്റ്. സഭ വിളിച്ചുചേര്‍ക്കാനും പാര്‍ലമെന്റും ലോക്‌സഭയും പിരിച്ചുവിടാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്,’ ഹരജിയില്‍ പറയുന്നു.

‘പാര്‍ലമെന്റിലെ അവിഭാജ്യ ഘടകമാണ് രാഷ്ട്രപതി. എന്തുകൊണ്ടാണ് രാഷ്ട്രപതിയെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തിയത്? ഇപ്പോള്‍ ഉദ്ഘാടന ചടങ്ങിനും ക്ഷണിച്ചിട്ടില്ല. ഇത് സര്‍ക്കാരിന്റെ ഉചിതമായി തീരുമാനമല്ല,’ ഹരജിയില്‍ പറയുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ആര്‍ട്ടിക്കിള്‍ 79ന്റെ ലംഘനമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, മെയ് 28ന് നടക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. കോണ്‍ഗ്രസ് അടക്കമുള്ള 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് സംയുക്ത പ്രസ്താവനയിറക്കിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം.ഡി.എം.കെ), രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയിരുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പങ്കെടുപ്പിക്കാതെയുള്ള ഉദ്ഘാടന ചടങ്ങ് ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള അതിക്രമമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

‘രാഷ്ട്രപതി രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. പ്രധാനമന്ത്രിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് കൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് പാര്‍ലമെന്റിന് പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ പുതിയ മന്ദിരത്തിന് മൂല്യമുണ്ടെന്ന് കണക്കാക്കുന്നില്ല’ എന്നായിരുന്നു പ്രസ്താവനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.

Contenthighlight: Petition in supreme court want murmu to invite for the paliament innauguration