ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അശോക് പാണ്ഡേയാണ് ഹരജി നല്‍കിയത്.
1951ലെ പാര്‍ലമെന്ററി നിയമം അനുസരിച്ച് പാര്‍ലമന്റ് അംഗങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന് മേല്‍ക്കോടതി കുറ്റവിമുക്തനാക്കുന്നത് വരെ അയോഗ്യത തുടരുമെന്നാണ് ഹരജിയില്‍ പറയുന്നത്.
‘നിലവിലെ നിയമപ്രകാരം രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിന്ന് അയോഗ്യനാണ്.
അദ്ദേഹത്തിന്റെ ശിക്ഷാവിധി അപ്പീല്‍ കോടതി റദ്ദാക്കിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ അംഗത്വം പുനസ്ഥാപിക്കുകയും പാര്‍ലമെന്റ് അംഗമായി തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നത് ആര്‍.പി ആക്ട് 1951 ലെ ആര്‍ട്ടിക്കിള്‍ 102 ആര്‍/ഡബ്ല്യു സെക്ഷന്‍8(3)ന്റെ ലംഘനമാണ്,’ ഹരജിയില്‍ പറയുന്നു.
സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിച്ചിരുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് രാഹുല്‍ പാര്‍ലമെന്റ് സമ്മേളനത്തിന് എത്തുകയും ചെയ്തിരുന്നു.\
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മാര്‍ച്ചിലായിരുന്നു സൂറത്ത് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് മാര്‍ച്ചിലാണ് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ വെച്ച് നടന്ന റാലിയിലായിരുന്നു രാഹുലിന്റെ മോദി പരാമര്‍ശം. എല്ലാ കള്ളന്മാരുടെ പേരുകളിലും എങ്ങനെയാണ് മോദി എന്ന പേര് വരുന്നത് എന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.