| Friday, 10th May 2024, 7:52 am

വിദ്വേഷ പ്രസംഗം; നരേന്ദ്ര മോദിക്കും അനുരാഗ് താക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനുമെതിരെ സുപ്രീം കോടതിയില്‍ ഹരജി. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി, അനുരാഗ് താക്കൂര്‍ എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന മറ്റു ബി.ജെ.പി നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു. മോദി അടക്കമുള്ളവരുടെ പ്രസംഗങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.എ.എസ്. ശര്‍മ, ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) മുന്‍ ഡീന്‍ ത്രിലോചന്‍ ശാസ്ത്രി എന്നിവരാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഉള്‍പ്പെടെയാണ് പ്രചരണം. ഇത് സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാകാന്‍ കാരണമാകുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിയുടെ ഈ തന്ത്രം ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമായി കടന്നാക്രമിക്കുന്നതിന്റെ ഭാഗമാണെന്നും വിദ്വേഷ പ്രസംഗവും അത് പ്രചരിപ്പിക്കലും ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം ആം ആദ്മി, ബി.ആര്‍.എസ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെയും ഹരജിക്കാര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും ചില നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനെ നടപടി ഉണ്ടാകണമെന്നും ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുന്‍ ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകനും പരസ്യ സംവാദത്തിന് ക്ഷണിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി. ഷാ, ദി ഹിന്ദു മുന്‍ പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍. റാം എന്നിവരാണ് ഇരു നേതാക്കളെയും പരസ്യ സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്.

ഇരുവരും നടത്തുന്ന പ്രസംഗങ്ങളിലെ വസ്തുത എന്താണെന്ന് ജനങ്ങള്‍ കൃത്യമായി അറിയാതെ പോകുന്നു. അത് വ്യക്തമാക്കി നല്‍കുക എന്നതാണ് സംവാദത്തിന് പിന്നിലെ ലക്ഷ്യമെന്ന് ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകനും സംയുക്തമായി തയ്യാറാക്കിയ കത്തില്‍ പറയുന്നു.

Content Highlight: Petition in Supreme Court against Prime Minister Narendra Modi and Union Minister Anurag Thakur for hate speeches

We use cookies to give you the best possible experience. Learn more