ന്യൂദല്‍ഹി: സി.ബി.ഐയിലെ മുന്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയരക്ടര്‍ ജനറലായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹരജി. നിലവില്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന രാകേഷ് അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അഡ്വക്കറ്റ് എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.
നേരത്തെ രാകേഷ് അസ്താന തന്റെ പേരിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിക്ക് നല്‍കിയ ഹരജി കോടതി തള്ളിക്കളഞ്ഞിരുന്നു. രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള അന്വേഷണം 10 ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജനുവരി 11ന് കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രിയങ്ക സംസാരിച്ചിട്ടുണ്ട്; 2019 ല്‍ അവര്‍ സജീവ രാഷ്ട്രയത്തിലേക്ക്
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി 18ന് അസ്താനയെ ഏവിയേഷന്‍ സുരക്ഷാ ഡയരക്ടര്‍ ജനറലായി നിയമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൈക്കൂലി മേടിച്ചെന്ന പേരില്‍ അമ്പേഷണം നേരിടുന്ന രാകേഷ് അസ്താനയെ പുതിയ ചുമതലയില്‍ പ്രവേശിപ്പിച്ചത് ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍ ആന്റ് അപ്പീല്‍ (സി.സി.എ) നിയമം 1965ന് എതിരാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
രാകേഷ് അസ്താനയുടെ പുതിയ നിയമനം രാജ്യത്തെ നിയമവ്യവസ്ഥതയുടേയും പൊതു സ്ഥാപനങ്ങളുടേയും വിശ്വാസതയെ തകര്‍ക്കുന്ന നീക്കമാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.