മുസ്‌ലിം പള്ളിയിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിനെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി
national news
മുസ്‌ലിം പള്ളിയിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിനെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2024, 10:32 pm

ന്യൂദൽഹി: മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയ 2024 സെപ്റ്റംബർ 13ലെ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി .

ദക്ഷിണ കന്നഡ ജില്ലയിലെ കഡബ പൊലീസ് സ്റ്റേഷനിൽ 2023 സെപ്റ്റംബർ 25 ന് ഹെയ്‌ദർ അലി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കീർത്തൻ കുമാറിനും സച്ചിൻ കുമാർ എൻ.എമ്മിനുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ക്രിമിനൽ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ആരെങ്കിലും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാൽ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.

2023 നവംബർ 29 ന് ഈ വിഷയത്തിൽ ക്രിമിനൽ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തപ്പോൾ നോട്ടീസ് നൽകിയത് മുതൽ മുഴുവൻ അന്വേഷണവും സ്തംഭിച്ചിരിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. മുസ്‌ലിം പള്ളിക്കകത്ത് വന്ന് ജയ് ശ്രീ റാം വിളിച്ച പ്രതിയുടെ ഉദ്ദേശം നിഷ്കളങ്കമല്ലെന്നും വർഗീയ സങ്കർഷമാണ് ലക്ഷ്യമെന്നും ഹരജിയിൽ പറയുന്നുണ്ട്.

Content Highlight: Petition in SC challenges Karnataka HC order quashing FIR on raising ‘Jai Shri Ram’ slogan in mosque