രജിനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസ് തടയാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി
Film News
രജിനികാന്ത് ചിത്രം വേട്ടയ്യന്റെ റിലീസ് തടയാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 2:11 pm

ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തടയാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. വേട്ടയ്യനിലെ പൊലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ മധുര സ്വദേശിയായ കെ. പളനിവേലു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

വേട്ടയ്യനില്‍ എന്‍കൗണ്ടര്‍ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്തതിന് ശേഷം മാത്രം റിലീസ് ചെയ്യണമെന്നും അതുവരെ റിലീസ് തടയണമെന്നും ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. പുറത്തുവന്ന വേട്ടയ്യന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി.

എന്‍കൗണ്ടര്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജിനികാന്ത് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറയുന്നുണ്ട് എന്നതാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

ഒക്ടോബര്‍ പത്തിനാണ് വേട്ടയ്യന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഹരജി. എന്നാല്‍ ടീസറില്‍ നിന്നും വ്യത്യസ്തമായിരിക്കും സിനിമ എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചിത്രത്തില്‍ സത്യദേവ് എന്ന എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് രജിനികാന്ത് ചിത്രത്തിലെത്തുന്നത്.

മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുണ്ട്. ചിത്രത്തില്‍ രജിനികാന്തിന്റെ ഭാര്യ താരയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

Content Highlight: Petition in Madras HC seeks removal of controversial dialogue From Vettaiyan Movie