ക്യാമ്പസ് രാഷ്രീയ നിരോധനം; സര്‍ക്കാരിനും വിദ്യാര്‍ത്ഥി സംഘടനകൾക്കും കോടതി നോട്ടീസ്
കൊച്ചി: കേരളത്തിലുടനീളമുള്ള കോളേജുകളില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.
പൊതുതാത്പര്യ ഹരജി പരിഗണിച്ച് കേരളത്തിലെ കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സംസ്ഥാനത്തുടനീളമുള്ള സര്‍വകലാശാലകള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ എന്‍. പ്രകാശ് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയുമായി സംബന്ധിച്ച മറ്റു നടപടികള്‍ പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സമാധാനപരമായ അന്തരീക്ഷമുള്ള കോളേജുകളും വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വവും രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കണമെന്ന കോടതിയുടെ തീരുമാനത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: Petition in court to ban campus politics in colleges across Kerala